ഐ എസ് ആര്‍ ഒയ്ക്ക് അഭിനന്ദന പ്രവാഹം

Posted on: September 24, 2014 1:52 pm | Last updated: September 24, 2014 at 2:08 pm
SHARE

isro

ബംഗളുരു: മംഗള്‍യാന്‍ വിജകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതോടെ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ബംലളുരുവിലെ മിഷന്‍ കണ്‍ട്രോള്‍ റൂമില്‍ മംഗള്‍യാന്റെ വിജയം പ്രഖ്യാപിക്കവെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രപതിയും രാഷ്ട്രത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഐഎസ്ആര്‍ഒയെ അഭിനന്ദിച്ചു. നാസയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അഭിനന്ദനം അറിയിച്ചത്.
ഇതിനു പിന്നാലെ രാജ്യത്തെ നിരവധി പ്രമുഖരും സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. കൂടാതെ നിരവധി സാധാരണക്കാരും സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്ആര്‍ഒ പ്രതിഭകള്‍ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. ആദ്യശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിച്ചത് മറ്റൊരു രാജ്യത്തിനും ഇതുവരെ ലഭിക്കാത്ത നേട്ടമാണ്. മാത്രമല്ല വളരെ ചെലവ് കുറഞ്ഞ ചൊവ്വാ ദൗത്യമാണ് ഇന്ത്യയുടേത്. 450 കോടി രൂപയാണ് മംഗള്‍യാന് ചെലവായത്. എന്നാല്‍ അമേരിക്കയുടെ മാവെന് 3200 കോടി രൂപയിലധികം ചെലവായിട്ടുണ്ട്. ചൊവ്വാ ദൗത്യത്തില്‍ വിജയിച്ച രാജ്യങ്ങള്‍ക്ക് മാത്രമല്ല പരാജയപ്പെട്ട ചൈന, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കും പദ്ധതികള്‍ക്കായി വന്‍തുക ചെലവായിട്ടുണ്ട്. റഷ്യയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും സംയുക്തമായി നടത്താനിരിക്കുന്ന ചൊവ്വ പര്യവേക്ഷണ പദ്ധതിക്കും 7000 കോടി രൂപയിലേറെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.