കിഴക്കെ ചാത്തല്ലൂരില്‍ പോലീസ് അക്രമം: ആദിവാസിയടക്കം ഒന്‍പത്‌പേര്‍ ആശുപത്രിയില്‍

Posted on: September 24, 2014 10:38 am | Last updated: September 24, 2014 at 10:38 am
SHARE

police lathiമഞ്ചേരി: ക്വാറിക്കെതിരെ സമരം നടത്തിയ നാട്ടുകാരെ പോലീസ് തല്ലിച്ചതച്ചു. ഒമ്പതു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ നാലു സ്ത്രീകള്‍, റിട്ടയേഡ് എസ് ഐ, വയോധികനായ ആദിവാസി എന്നിവരും ഉള്‍പ്പെടും.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെ കിഴക്കെ ചാത്തലൂര്‍ കാവിലട്ടിയിലാണ് സംഭവം. ഇവിടെ ആരംഭിക്കാനിരിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരെ നാട്ടുകാര്‍ സംഘടിച്ചു.
ഈ മാസം 25ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും ആസൂത്രണം ചെയ്തിരുന്നു. ഇന്നലെ സംഭവ സ്ഥലത്തെത്തിയ വണ്ടൂര്‍ സി ഐ ഷാജിയുടെ നേതൃത്വത്തിലെത്തിയ പോലീസ് പള്ളിപ്പറമ്പന്‍ അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു.
ഇത് കണ്ട് വാവിട്ടു കരഞ്ഞ് ഓടിയെത്തിയ ഭാര്യയെയും കുട്ടിയെയും പോലീസ് അടിച്ചതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ പോലീസ് വളഞ്ഞിട്ടു തല്ലുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. കിഴക്കെ ചാത്തല്ലൂര്‍ സ്വദേശികളായ കൊളക്കണ്ണി അബ്ദുല്‍ കബീര്‍ (45), മേക്കുത്ത് സുജിത്ത് (22) എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പള്ളിപ്പറമ്പന്‍ ആയിശാബി (55), കാരപ്പഞ്ചേരി ബുശ്‌റ (42), കാരിപ്പറമ്പത്ത് ചന്ദ്രിക (42), ചോലക്കത്തൊടി ദേവയാനി (49), ചോലക്കത്തൊടി മനോജ് (31), റിട്ടയേഡ് എസ് ഐ ടി എച്ച് സലീം(65), കിഴക്കെ ചാത്തല്ലൂര്‍ ആദിവാസി കോളനിയിലെ ചോലാറ ജമ്മിക്കുട്ടി രാമന്‍ (65) എന്നിവരെ എടവണ്ണ ചെമ്പക്കുത്ത് കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു. എന്നാല്‍ കിഴക്കെ ചാത്തല്ലൂരില്‍ ആരംഭിക്കുന്ന ക്വാറിക്ക് ഹൈക്കോടതി ഉത്തരവു പ്രകാരം സംരക്ഷണം നല്‍കാനെത്തിയതായിരുന്നു തങ്ങളെന്നാണ് പോലീസ് ഭാഷ്യം. ക്വാറിയിലേക്ക് ഉപകരണങ്ങളുമായെത്തിയ ലോറി നൂറോളം വരുന്ന നാട്ടുകാര്‍ തടയുകയും വഴിയടക്കുകയും ചെയ്ത സാഹചര്യത്തില്‍ സമരക്കാരെ പിരിച്ചു വിടാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നുവെന്ന് വണ്ടൂര്‍ സി ഐ പറഞ്ഞു. സംഘര്‍ഷത്തിനിടയില്‍ എടവണ്ണ പോലീസിന്റെയും വണ്ടൂര്‍ സി ഐയുടെയും വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു. എ ആര്‍ ക്യാമ്പിലെ ഒരു പോലീസുകാരനും പരുക്കേറ്റു.
കലക്ടറുടെ നിര്‍ദേശ പ്രകാരം തഹസീല്‍ദാര്‍, ഡി വൈ എസ് പി എന്നിവര്‍ സമരക്കാരുമായും ക്വാറി ഉടമയുമായും സംസാരിച്ചു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും വാഹനങ്ങള്‍ തകര്‍ത്തതിനുമെതിരെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസ്സെടുത്തു.
കിഴക്കെ ചാത്തല്ലൂരില്‍ നിലവില്‍ മൂന്ന് ക്രഷറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത് പലതരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് ആസ്ത്മ, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ വ്യാപകമായതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ടാര്‍ നിര്‍മിക്കുന്ന മറ്റൊരു ക്രഷറും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.