Connect with us

Kozhikode

പാറത്തോട്ടുകാരുടെ ദുരിതത്തിന് ആക്കംകൂട്ടാന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ്

Published

|

Last Updated

മുക്കം: ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ മാത്രം മുപ്പതോളം ക്വാറികളും ക്രഷറുകളും എംസാന്റ് യൂനിറ്റുകളും പ്രവര്‍ത്തിക്കുന്ന പാറത്തോടില്‍ നാട്ടുകാരുടെ ദുരിതത്തിന് ആക്കംകൂട്ടാന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ് കൂടി വരുന്നു. ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നത്. ഇതിനായി ഒഴിഞ്ഞ കരിങ്കല്‍ ക്വാറിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനു വേണ്ടി മുക്കത്തെയും പരിസരങ്ങളിലെയും ഉന്നതരായ രാഷ്ട്രീയ നേതാക്കളെ കണ്ട് അവരുടെ പിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്.
പുതുതായി നിര്‍മിക്കുന്ന തോട്ടുമുക്കം തോട്ടക്കാട് റോഡ് നിര്‍മാണത്തിനു വേണ്ടി മാത്രമാണ് ഇത് സ്ഥാപിക്കുന്നതെന്നാണ് പാറത്തോട്ടും പരിസരങ്ങളിലും ഇവര്‍ പ്രചരിപ്പിക്കുന്നത്. രാവും പകലും രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പ്ലാന്റ് വരുന്നത്. നിശ്ചിത ഊഷ്മാവില്‍ മെറ്റലും ചിപ്‌സും ടാറും മിക്‌സ് ചെയ്ത് ഉരുക്കിയെടുത്ത് ഈ മിശ്രിതം ചൂടോടെ ലോറികളില്‍ പ്രവൃത്തി നടക്കുന്നിടത്ത് എത്തിക്കുന്ന പ്ലാന്റ് വരുന്നതോടെ ഇവിടുത്തുകാര്‍ക്ക് ദുരിതം ഇരട്ടിയാകും. പ്ലാന്റില്‍ നിന്നുയരുന്ന കറുത്തപുകയും പൊടിയും തലവേദനക്കും ശ്വാസംമുട്ടിനും കാരണമാകും.
പ്ലാന്റ് സ്ഥാപിക്കുന്നുവെന്ന വിവരമറിഞ്ഞയുടെ നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത്തരത്തിലൊരു പ്ലാന്റ് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് കലക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. നിലവില്‍ ദുരിതം തിന്നുന്ന പാറത്തോട്ട് പ്ലാന്റ് സ്ഥാപിച്ചാല്‍ ആദിവാസികളടക്കമുള്ള മുഴുവന്‍ നാട്ടുകാരെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാനും നിര്‍മാണം തടയാനും പാറത്തോട് പരിസ്ഥിതി സംരക്ഷണ സമിതി തീരുമാനിച്ചു. പ്രസിഡന്റ് എ പി സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ബി ജി ജോസ്, എ സി വത്സരാജ്, പ്രകാശ് തോമസ്, ശംസുദ്ദീന്‍ എം, ലീല വരിക്കേക്കല്‍ പ്രസംഗിച്ചു.

Latest