Connect with us

Kozhikode

മദ്യഷാപ്പ് വിരുദ്ധ സമരം: ഐക്യദാര്‍ഢ്യവുമായി എസ് വൈ എസ് നേതാക്കള്‍ സമരപ്പന്തലില്‍

Published

|

Last Updated

ബാലുശ്ശേരി: കൈരളി റോഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കൈരളി റോഡ് മദ്യഷാപ്പ് വിരുദ്ധ സമിതി നടത്തുന്ന അനിശ്ചിചകാല സത്യഗ്രഹ സമരം ഒരാഴ്ച പിന്നിട്ടു. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആരംഭിച്ച സത്യഗ്രഹ സമരത്തില്‍ ബാലുശ്ശേരിയിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് ആളുകളാണ് പങ്കാളികളായത്.
സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം എസ് വൈ എസ് ബാലുശ്ശേരി സോണ്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനമായി സമരപ്പന്തലിലെത്തി. ബാലുശ്ശേരിയില്‍ മദ്യഷാപ്പിനെതിരെ നടത്തുന്ന സമരത്തില്‍ ആദ്യമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയ മതസംഘടന എസ് വൈ എസ് ആണെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ഡ് അംഗം യു കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ടി എ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് സഖാഫി കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലകൃഷ്ണന്‍, കരുണന്‍ ബാലുശ്ശേരി, കെ പി മനോജ് കുമാര്‍, ഒ വി പിറുങ്ങന്‍, കെ മനോജ്, ഷൈബാഷ്, പ്രഭാകരന്‍, ഹര്‍ഷപ്രഭ പ്രസംഗിച്ചു. ഭരതന്‍ പുത്തൂര്‍വട്ടം സ്വാഗതവും കെ ബീന നന്ദിയും പറഞ്ഞു.
സത്യഗ്രഹ സമരത്തിന് പിന്തുണയേകാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മത സാമുദായിക സന്നദ്ധ സംഘടനകളും രംഗത്തിറങ്ങാനൊരുങ്ങുന്നുണ്ട്. റസിഡന്‍സ് അസോസിയേഷന്‍ ബാലുശ്ശേരി, കോ-ഓപറേറ്റീവ് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും പിന്തുണയുമായി സമരപ്പന്തലിലെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബി ജെ പി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും പിന്തുണയുമായി എത്തുന്നുണ്ട്.

Latest