രണ്ട് ലോക റെക്കോര്‍ഡുകള്‍; ലി സുചി വിസ്മയമായി

Posted on: September 24, 2014 12:34 am | Last updated: September 24, 2014 at 12:34 am
SHARE

lin-tzu-chi-asian-gamesഇഞ്ചോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതാ ഭാരോദ്വഹനത്തില്‍ രണ്ട് ലോക റെക്കോഡ് പിറന്നു. വനിതകളുടെ 63 കിലോഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്‌പേയുടെ ലി സുചിയാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടു ലോക റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണമണിഞ്ഞത്. ഒരു തവണ തന്റെ റെക്കോര്‍ഡ് ഭേദിച്ച ചൈനയുടെ വെ ഡെംഗിനോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ലിന്‍ ചാമ്പ്യനായത്. 200 കിലോഗ്രാം ഉയര്‍ത്തിയ ഇന്ത്യയുടെ പൂനം യാദവ് ഏഴാമതായി. സ്‌നാച്ചില്‍ 90 ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 110 ഉം കിലോയാണ പൂനം യാദവ് ഉയര്‍ത്തിയത്. ഭാരോദ്വഹനത്തില്‍ ഇന്ത്യ പൊതുവെ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ 143 കിലോഗ്രാം പ്രകടനത്തോടെ മൊത്തം ശരാശരി ഭാരമായ 259 കിലോ ഉയര്‍ത്തിയാണ് ലിന്‍ 257 കിലോ എന്ന മുന്‍ ലോക റെക്കോഡ് തിരുത്തിയത്. തുടര്‍ന്നെത്തിയ ചൈനീസ് താരം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 144 ഉയര്‍ത്തി ലിന്നിനൊപ്പമെത്തി. ഈ അവസരത്തില്‍ കുറഞ്ഞ ശരീര ഭാരമുള്ള ഡെംഗിനായിരുന്നു സ്വര്‍ണമണിയാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍, അവസാന ലിഫ്റ്റില്‍ ലിന്‍ 145 കിലോ ഉയര്‍ത്തി മൊത്തം ഭാരം 261 ആക്കി ഞെട്ടിച്ചു കളഞ്ഞു. മൊത്തം ഭാരത്തിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും അതോടെ പുതിയ ലോക റെക്കോര്‍ഡ് പിറന്നു.