ഫലസ്തീനില്‍ യുവാക്കളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു

Posted on: September 24, 2014 12:33 am | Last updated: September 24, 2014 at 12:33 am
SHARE

2014923111221217580_20 (1)ഗസ്സ: ഇസ്‌റാഈലി കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു. വെസ്റ്റ് ബാങ്കിലാണ് സംഭവം. കഴിഞ്ഞ ജൂണില്‍ തങ്ങളുടെ മൂന്ന് കൗമാരക്കാരെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മര്‍വാന്‍ ഖവാമിഷ്(33), അമീര്‍ അബൂ ആഇശ(29) എന്നീ രണ്ട് പേരെയാണ് വധിച്ചതെന്ന് ലഫ്റ്റനന്റ് കേണല്‍ പീറ്റര്‍ ലേണര്‍ പറഞ്ഞു. ഇവര്‍ക്ക് നേരെ വെടിവെച്ചപ്പോള്‍ ഇവര്‍ തിരിച്ചും വെടിവെച്ചെന്നും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതെന്നും ഇസ്‌റാഈല്‍ വാദിക്കുന്നു. ഇതേ കാരണം പറഞ്ഞാണ്് ഗാസയില്‍ 50 ദിവസം നീണ്ടുനിന്ന ഇസ്‌റാഈല്‍ ആക്രമണം നടന്നത്. 2,000ത്തിലധികം ഫലസ്തീനികള്‍ ഈ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഇതിന് ശേഷം തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെയാണെന്നും ഇത് ഫലസ്തീനിന് മേല്‍ ആരോപിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹങ്ങള്‍ വെസ്റ്റ് ബാങ്കിലെ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. അബൂ ആഇശയുടെ മാതാവ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തന്റെ മകന്‍ രക്തസാക്ഷിയായെന്ന്് മാതാവ് ചൂണ്ടിക്കാട്ടി. ഇതിനിടെ ഹെര്‍ബന്‍ യൂനിവേഴ്‌സിറ്റി ഇസ്‌റാഈലി സൈന്യം വളഞ്ഞിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്ന് ഇസ്‌റാഈല്‍ കൗമാരക്കാരുടെ കൊലപാതകത്തെ തുടര്‍ന്ന് വ്യാപകമായ മനുഷ്യവേട്ടക്കാണ് ഇസ്‌റാഈല്‍ രംഗത്തെത്തിയത്. നൂറുകണക്കിന് ഹമാസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇതിന് ശേഷം പ്രതികാര നടപടി എന്ന പേരില്‍ ഗാസയിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ വിവേചനരഹിതമായി വ്യോമാക്രമണം നടത്തി. ഗാസയിലെ യു എന്‍ സ്‌കൂളുകള്‍ വരെ ആക്രമണ പരിധിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നില്ല. ഈ ആക്രമണങ്ങളുടെ പേരില്‍ ഇപ്പോള്‍ യുദ്ധക്കുറ്റത്തിന്റെ നിഴലിലാണ് ഇസ്‌റാഈല്‍.