Connect with us

International

ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി പോരാടുന്ന മനുഷ്യാകാശ പ്രവര്‍ത്തകന് ചൈനയില്‍ ജീവപര്യന്തം തടവ്; വ്യാപക പ്രതിഷേധം

Published

|

Last Updated

ബീജിംഗ്: ചൈനയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുന്ന രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന് ചൈനീസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര സമൂഹം ചൈനീസ് കോടതിയുടെ ഈ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വിഘടനവാദത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ചൈനീസ് കോടതി സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ഇല്‍ഹാം ത്വഹ്തിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സിന്‍ജിയാംഗില്‍ കഴിഞ്ഞ ആഴ്ച രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വിചാരണക്ക് ഇദ്ദേഹത്തെ വിധേയനാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി വിധി വന്നിരിക്കുന്നത്. കോടതിയുടെ വിധി പുറത്തുവന്ന ഉടനെ, താനിത് അംഗീകരിക്കില്ലെന്ന് മാത്രമായിരുന്നു ഇല്‍ഹാമിന്റെ പ്രതികരണം.
ചൈനയിലെ ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ശക്തമായി വാദിക്കുകയും ഇവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്ന ഇദ്ദേഹത്തെ ഈ വര്‍ഷം ആദ്യമാണ് ഏഴ് വിദ്യാര്‍ഥികളോടൊപ്പം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ലോകവ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഇദ്ദേഹം വിഘടനവാദത്തെ പിന്തുണച്ചുവെന്ന ആരോപണം ശരിയല്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും സര്‍ക്കാറിനും ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കുമിടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നതെന്നും മനുഷ്യവകാശ സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. തന്റെ കക്ഷി നിരപരാധിയാണെന്നും വിധിക്കെതിരെ കോടതിയില്‍ ഹരജി നല്‍കുമെന്നും ഇല്‍ഹാമിന് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ വ്യക്തമാക്കി.
ഉയ്ഗൂര്‍ ഓണ്‍ലൈന്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് ഇല്‍ഹാം നടത്തിയിരുന്നതായും ചൈനയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇതിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തിയിരുന്നതായും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ബീജിംഗിലെ മിന്‍സു യൂനിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍ പറഞ്ഞു.
കോടതിയില്‍ തനിക്കെതിരെ പ്രോസിക്യൂട്ടര്‍ നല്‍കിയ തെളിവുകള്‍ ഇല്‍ഹാം തള്ളിക്കളഞ്ഞു. ഇദ്ദേഹത്തിനെതിരെ ഒരു വിദ്യാര്‍ഥി നല്‍കിയ മൊഴി അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി നല്‍കിയതാണെന്നും സൂചനകളുണ്ട്. വിഘടനവാദം പ്രേരിപ്പിക്കുന്നവര്‍ക്ക് വധ ശിക്ഷ വരെ ചൈനീസ് നിയമമനുസരിച്ച് അനുശാസിക്കുന്നുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷനലും മനുഷ്യാവകാശ സംഘടനകളും കോടതി വിധിയെ ശക്തമായി അപലപിച്ചു. യാഥാര്‍ഥ്യവുമായി ഈ കോടതി വിധിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹം പ്രവര്‍ത്തിച്ചത് ചൈനയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ്. ഇപ്പോഴത്തെ വിധി രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇല്‍ഹാമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

Latest