Connect with us

National

എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആദ്യ അറസ്റ്റ്

Published

|

Last Updated

ന്യുഡല്‍ഹി: 3600 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ നടന്ന കൈക്കൂലി കേസില്‍ കമ്പനിയുടെ മുന്‍ ബോര്‍ഡ് മെമ്പര്‍ ഗൗതം ഖൈതാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. ഈ ഇടപാട് സ്വന്തമാക്കാന്‍ 360 കോടി രൂപ കൈക്കൂലി നല്‍കി എന്ന ആരോപണം അന്വേഷിക്കുന്ന ഇ ഡി നടത്തുന്ന പ്രഥമ അറസ്റ്റാണിത്. അഭിഭാഷകനായ ഖൈതാന്‍ അറിയപ്പെടുന്ന ബിസിനസുകാരനുമാണ്.
രാഷ്ട്ര തലസ്ഥാനത്തുള്ള അദ്ദേഹത്തിന്റെ രണ്ട് ഓഫീസുകളില്‍ തിങ്കളാഴ്ച റെയ്ഡ് നടത്തിയിരുന്നു. അനധികൃത പണമിടപാട് നിരോധ നിയമം (പി എം എല്‍ എ) അനുസരിച്ചാണ് ഖൈതാന്റെ അറസ്റ്റെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈയിലാണ് ഹെലികോപ്റ്റര്‍ ഇടപാടിലെ കൈക്കൂലി സംബന്ധിച്ച് ഖൈതാന്‍, മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗി എന്നിവരടക്കം മറ്റ് 19 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ചണ്ഡിഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ഏയറോമാട്രിക്‌സ്”എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നു ഖൈതാന്‍. ഹെലികോപ്റ്റര്‍ കമ്പനിക്ക് വേണ്ടി സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്ത സ്ഥാപനമാണിത്. ഈ സ്ഥാപനത്തിലൂടെയും മറ്റ് ചില സ്ഥാപനങ്ങളിലൂടെയുമാണ് കൈക്കൂലി നല്‍കാനുള്ള ഫണ്ട് കൈകാര്യം ചെയ്തതെന്ന് സി ബി ഐയും മറ്റ് അന്വേഷണ ഏജന്‍സികളും കണ്ടെത്തിയിരുന്നു.
ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍ അവിടുത്തെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഖൈതാനെ കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളയുകയായിരുന്നു.