പിണറായി വിജയന്‍ ആരാച്ചാരുടെ പണി ചെയ്യരുത്: രമേശ് ചെന്നിത്തല

Posted on: September 24, 2014 12:37 am | Last updated: September 23, 2014 at 11:39 pm
SHARE

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ പിണറായി വിജയന്‍ ആരാച്ചാരുടെ പണിചെയ്യരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തെ അപലപിക്കേണ്ടതിന് പകരം അക്രമത്തെ വെള്ള പൂശാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മനോജ് വധക്കേസില്‍ സി ബി ഐ അന്വേഷണത്തെ സി പി എം ഭയക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. സി പി എം നേതാക്കള്‍ക്കും അണികള്‍ക്കും പങ്കില്ലെങ്കില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്. സി പി എമ്മും- ബി ജെ പി യും അക്രമ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയാല്‍ സംസ്ഥാനത്ത് സമാധാനന്തരീക്ഷം ഉണ്ടാകും. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നും എന്നാല്‍ ഇതില്‍ ആശങ്കയുടെ കാര്യമില്ലന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ കമ്മീഷണറേറ്റുകള്‍ രൂപവത്കരിക്കാനുള്ള തിരുമാനം സര്‍ക്കാര്‍ പരിഗണനയിലാണ്.
സേഫ് ക്യാമ്പസ് ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഒക്‌ടോബര്‍ പത്തിന് തിരുവനന്തപുരം എസ് എ പി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായ ഭരത് മമ്മൂട്ടി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് 10000 ഓളം കുട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.