Connect with us

Ongoing News

പിരിഞ്ഞുകിട്ടാനുള്ള നികുതി 32,526 കോടി

Published

|

Last Updated

തിരുവനന്തപുരം: വിവിധ നികുതികളായി ഖജനാവിലെത്താനുള്ളത് 32,526 കോടി രൂപ. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തി ഖജനാവ് നിറക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇതിന്റെ നാലിലൊന്ന് പിരിച്ചെടുത്താല്‍ ഇപ്പോഴത്തെ പ്രതിസന്ധി തീരും. നിയമക്കുരുക്കിലോ തര്‍ക്കങ്ങളിലോ പെട്ടത് കൊണ്ടല്ല ഇത്രയും തുക പിരിക്കാന്‍ കഴിയാത്തത്. 32,526 കോടി രൂപയില്‍ 9500 കോടി രൂപ മാത്രമാണ് തര്‍ക്കത്തിലുള്ളത്. വേണമെന്ന് വിചാരിച്ചാല്‍ ശേഷിക്കുന്ന 23026 കോടി രൂപ പിരിച്ചെടുക്കാന്‍ വലിയ തടസ്സമില്ല. ഇച്ഛാശക്തി കാണിച്ചാല്‍ തര്‍ക്കത്തിലുള്ള 9500 കോടി രൂപയും ഖജനാവിലെത്തും. സാമ്പത്തിക പ്രതിസന്ധിയും ഓവര്‍ഡ്രാഫ്റ്റിലേക്ക് നീങ്ങുന്ന സാഹചര്യവും വന്നതോടെ തന്നെ ഭീമമായ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ സാധ്യത ധനവകുപ്പ് ഉദ്യോഗസ്ഥര്‍ തേടിയതാണ്. സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു.

ഇത്രയും വലിയ കുടിശ്ശിക വന്നതിന്റെ ഉത്തരവാദിത്വം യു ഡി എഫ് സര്‍ക്കാറിന് മാത്രമല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് ഖജനാവിലെത്തേണ്ട ഭീമമായ തുക ഒടുക്കാതെ പലരും രക്ഷപ്പെട്ടത്. ഒരു തര്‍ക്കവുമില്ലാത്ത 4743.05 കോടി രൂപ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുടിശ്ശികയായിട്ടുണ്ട്. 6784.11 കോടി രൂപയുടെ കുടിശ്ശികക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുണ്ട്. 5401 കോടി രൂപ പത്ത് വര്‍ഷം വരെയും 6098 കോടി രൂപ പത്ത് വര്‍ഷത്തിന് മുമ്പുള്ളതുമാണ്.
നികുതിദായകര്‍ തന്നെ ഒരു തര്‍ക്കവും ഉന്നയിക്കാത്ത ഇത്രയും തുക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ അലംബാവം കാണിക്കുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ഘട്ടമായതോടെ നികുതി കുടിശ്ശിക പിരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ഓരോ ജില്ലക്കും ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കുടിശ്ശിക പിരിച്ചെടുക്കാനിറങ്ങുകയാണ് ധനവകുപ്പ്. വില്‍പ്പന നികുതി, ഭൂ നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, എക്‌സൈസ് ഡ്യൂട്ടി എന്നിവയിലെല്ലാം വലിയ തുക പിരിഞ്ഞ് കിട്ടാനുണ്ട്. കേന്ദ്ര നികുതി അടക്കുന്നതില്‍ പോലും പലരും സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടു.
കുടിശ്ശിക ഏറ്റവും കൂടുതല്‍ വില്‍പ്പന നികുതി ഇനത്തിലാണ്. 23,002 കോടി രൂപയുടെ കുടിശ്ശിക. ഇതില്‍ 15,276 കോടി രൂപയും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയുണ്ടായ കുടിശ്ശികയാണ്. 2396 കോടി രൂപയെക്കുറിച്ച് മാത്രമാണ് ഇതില്‍ തര്‍ക്കമുള്ളത്. കേന്ദ്ര നികുതിയായി പിരിച്ചെടുക്കേണ്ട 89.03 കോടി രൂപയും കിട്ടിയിട്ടില്ല. പെട്രോളിയം കമ്പനികളില്‍ നിന്ന് 1296 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. കാര്‍ഷികാദായ നികുതിയായി 66.83 കോടിയും മോട്ടോര്‍ വാഹന നികുതിയില്‍ 819 കോടിയും കിട്ടാനുണ്ട്. വസ്തുനികുതിയായി 303.69 കോടി രൂപ കിട്ടാനുണ്ട്. ഇതില്‍ 68.18 കോടി രൂപയും രണ്ട് വര്‍ഷത്തിനിടെ വന്ന കുടിശ്ശികയാണ്.
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 181 കോടി രൂപയും എക്‌സൈസ് നികുതി 237 കോടി രൂപയും കുടിശ്ശികയായി കിടക്കുന്നു. സ്പിരിറ്റ്, ലൂബ്രിക്കന്റ്ഡ് ടാക്‌സ്, ഇലക്ട്രിസിറ്റി ഉത്പന്നങ്ങളുടെ നികുതി, വിവിധ സര്‍ചാര്‍ജുകള്‍ എന്നിവയെല്ലാം പിരിച്ചെടുക്കാനുള്ള പട്ടികയിലുണ്ട്.
ഖജനാവിലെത്തേണ്ട ഇത്രയും ഭീമമായ തുക പിരിച്ചെടുക്കുന്നതില്‍ വരുന്ന വീഴ്ചക്ക് പ്രധാന കാരണം രാഷ്ട്രീയ സമ്മര്‍ദങ്ങളാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നികുതി പിരിവില്‍ കാര്യക്ഷമതയില്ലെന്ന വിമര്‍ശം വ്യാപകമായതോടെ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ധനവകുപ്പ് കര്‍മപദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. കലക്ടമാരാണ് നേതൃത്വം നല്‍കുക. റവന്യൂ റിക്കവറികളിലുള്ള സ്റ്റേകള്‍ നീക്കാന്‍ അഡ്വക്കറ്റ് ജനറലുമായി ബന്ധപ്പെട്ട് കലക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കി. വി എസ് ശിവകുമാര്‍(തിരുവനന്തപുരം), ഷിബുബേബി ജോണ്‍ (കൊല്ലം), അടൂര്‍ പ്രകാശ് (പത്തനംതിട്ട), രമേശ് ചെന്നിത്തല (ആലപ്പുഴ) കെ എം മാണി (കോട്ടയം), പി ജെ ജോസഫ് (ഇടുക്കി), കെ ബാബു (എറണാകുളം), സി എന്‍ ബാലകൃഷ്ണന്‍ (തൃശൂര്‍), എ പി അനില്‍കുമാര്‍ (പാലക്കാട്), പി കെ കുഞ്ഞാലിക്കുട്ടി(മലപ്പുറം), എം കെ മുനീര്‍ (കോഴിക്കോട്), പി കെ ജയലക്ഷ്മി (വയനാട്) എന്നിവരാണ് നികുതി പിരിവിന് മേല്‍നോട്ടം വഹിക്കുക.

 

---- facebook comment plugin here -----

Latest