ഗവ. ജീവനക്കാരുടെ പ്രതിവാര അവധി രണ്ടാക്കാന്‍ ശിപാര്‍ശ

Posted on: September 24, 2014 12:05 am | Last updated: September 24, 2014 at 12:09 am
SHARE

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിവസം ആഴ്ചയില്‍ രണ്ട് ദിവസമാക്കി ഉയര്‍ത്താന്‍ ശിപാര്‍ശ. ഇതോടെ ഒരാഴ്ചയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആറില്‍ നിന്നും അഞ്ചായി കുറയും. ശനിയും ഞായറും ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കണമെന്നാണ് സെക്രട്ടറി തല ശിപാര്‍ശയില്‍ പറയുന്നത്.
നിര്‍ദേശം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കെത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവൃത്തി സമയം ഇനി മുതല്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയായി പുതുക്കി നിശ്ചയിക്കുവാനും ശിപാര്‍ശയില്‍ പറയുന്നു. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പ്രവൃത്തി ദിനങ്ങള്‍ കുറക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. വൈദ്യുതി, ജലം തുടങ്ങിയവ ഒരു ദിവസം കൂടി സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടക്കുന്നതിലൂടെ ലാഭിക്കുവാന്‍ സാധിക്കുമെന്നതാണ് പുതിയ ശിപാര്‍ശയുടെ അടിസ്ഥാനം.