എച്ച് എം ടി ഭൂമി ഇടപാടിന്റെ ഫയല്‍ നശിപ്പിക്കപ്പെട്ടു

Posted on: September 24, 2014 12:32 am | Last updated: September 23, 2014 at 11:32 pm
SHARE

കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച കളമശ്ശേരി എച്ച് എം ടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയല്‍ നശിപ്പിക്കപ്പെട്ടു. വിവരാവകാശ പ്രവര്‍ത്തകനായ ജോയി കൈതാരത്തിന് വ്യവസായ വകുപ്പ് അഡീഷനല്‍ സെക്രട്ടറി നല്‍കിയ മറുപടിയിലാണ് കാലഹരണപ്പെട്ട ഫയല്‍ നശിപ്പിച്ചതായി അറിയിച്ചത്. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്, ഫയല്‍ നശിപ്പിക്കാന്‍ ഉത്തരവ് നല്‍കിയത് ആരാണെന്ന് രേഖാമൂലം അറിയിക്കാന്‍ വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടു.

എച്ച് എം ടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുകയും ഇനിയും ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ അവശേഷിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഫയല്‍ ദുരൂഹ സാഹചര്യത്തില്‍ നശിപ്പിക്കപ്പെട്ടത്. തീര്‍പ്പ് ഫയലുകള്‍ സൂക്ഷിക്കേണ്ട സമയപരിധി കഴിഞ്ഞാല്‍ അവ നശിപ്പിക്കുമെന്നാണ് വ്യവസായ വകുപ്പിന്റെ വിശദീകരണം. സര്‍ക്കാര്‍ ഉത്തരവ് ആയല്ല ഈ ഫയല്‍ തീര്‍പ്പ് കല്‍പ്പിച്ചതെന്നതിനാല്‍ ഇതിന്റെ ഡിജിറ്റല്‍ രൂപവും ലഭ്യമല്ലെന്ന് മറുപടിയില്‍ പറയുന്നു. എന്നാല്‍, ഈ രണ്ട് വാദവും വസ്തുതാവിരുദ്ധമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാട്ടി.
എച്ച് എം ടിയുടെ പക്കലുണ്ടായിരുന്ന 878 ഏക്കര്‍ ഭൂമിയില്‍ നിന്ന് 250 ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് എച്ച് എം ടി മാനേജ്‌മെന്റ് നല്‍കിയ കേസ് ഹൈക്കോടതിയില്‍ ഇപ്പോഴും തീര്‍പ്പാകാതെ കിടക്കുകയാണ്. എച്ച് എം ടി ഭൂമിയില്‍ നിന്ന് എഴുപത് ഏക്കര്‍ ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ടാണ് കേരളത്തെ പിടിച്ചുലച്ച രാഷ്ട്രീയ വിവാദങ്ങളുണ്ടായത്.
നേരത്തെ റവന്യൂ അധികൃതര്‍ പോക്കുവരവ് ചെയ്തു കൊടുക്കാന്‍ തയ്യാറാകാതിരുന്ന ഭൂമിയുടെ പോക്കുവരവ് നടത്തിക്കൊടുക്കാനായി എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഇടപെട്ടതോടെയാണ് പ്രശ്‌നം രാഷ്ട്രീയ വിവാദമായത്. 499 കോടി രൂപ വിലമതിക്കുന്ന ഭൂമി 91 കോടി രൂപക്ക് ബ്ലൂസ്റ്റാറിന് വില്‍പ്പന നടത്തിയത് വ്യാവസായാവശ്യത്തിന് മാത്രമേ ഉപയോഗിക്കൂവെന്ന വ്യവസ്ഥയിലായിരുന്നു. സൈബര്‍സിറ്റി പദ്ധതി ആരംഭിക്കുമെന്നായിരുന്നു ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന്റെ വാഗ്ദാനം. എന്നാല്‍, സൈബര്‍സിറ്റി പദ്ധതിയുമായി ബ്ലൂസ്റ്റാര്‍ പിന്നീട് മുന്നോട്ടു പോയില്ല. 2012 ജൂണ്‍ മൂന്നിന് ഈ ഭൂമി വില്‍പ്പനക്ക് വെച്ചുകൊണ്ട് ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് പരസ്യം നല്‍കിയതോടെയാണ് പ്രശ്‌നം വീണ്ടും സജീവമായത്.