ഇത് ചരിത്രം; നമ്മള്‍ ചൊവ്വയെ തൊട്ടു

Posted on: September 24, 2014 8:02 am | Last updated: September 25, 2014 at 11:11 pm
SHARE

isro centre

രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍. 22 കോടി കിലോമീറ്റര്‍ അകലെ മംഗള്‍യാനില്‍ നിന്ന് ആദ്യ സിഗ്‌നലുകള്‍ ലഭിച്ചുതുടങ്ങി. ആദ്യശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി. ചൊവ്വയെ കൈപ്പിടിയിലൊതുക്കിയ ആദ്യ ഏഷ്യന്‍ രാജ്യമെന്ന ഖ്യാതിയും ഇനി ഇന്ത്യക്ക് സ്വന്തം.

രാജ്യത്തിന് മഹാവിജയം സമ്മാനിച്ച ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷിയായതെന്ന് പറഞ്ഞ പ്രധാനമന്ത്രി അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാന്‍ ഇന്ത്യക്ക് സാധിച്ചതായി കൂട്ടിച്ചേര്‍ത്തു. ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി ബംഗളൂരുവിലെ ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ എത്തിയിരുന്നു.

ചൊവ്വാ ദൗത്യം വിജയിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. യു എസ്, റഷ്യ, യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവരാണ് ഇതിന് മുമ്പ് ചൊവ്വാ ദൗത്യത്തില്‍ വിജയിച്ചത്. എന്നാല്‍ ഇവരാരും ആദ്യ ദൗത്യത്തില്‍ വിജയിച്ചിരുന്നില്ല.

2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പ്രയാണമാരംഭിച്ച മംഗള്‍യാന്‍ ഇന്ന് രാവിലെ 07:17:32 നാണ് അവസാന കുതിപ്പ് നടത്തി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. മാര്‍സ് ഓര്‍ബിറ്ററിലെ പ്രധാന ഊര്‍ജ സ്രോതസ്സായ ന്യൂട്ടണ്‍ ലിക്വിഡ് അപോജീ മോട്ടോറും (എല്‍ എ എം ലാം) എട്ട് ചെറു ദ്രവ എന്‍ജിനുകളും 24 മിനുട്ട് വിജയകരമായി ജ്വലിപ്പിച്ചതോ്െ ഇന്ത്യയുടെ ചൊവ്വാ സ്വപ്നങ്ങള്‍ സഫലമാകുകയായിരുന്നു. ആറ് മാസത്തോളം ചൊവ്വയെ വലംവെച്ച് മംഗള്‍യാന്‍ ചിത്രങ്ങളും മറ്റ് വിവരങ്ങളും ഭൂമിയിലേക്ക് അയച്ചുതരും.

പത്ത് മാസവും 19 ദിവസവും നീണ്ട യാത്രക്കൊടുവിലാണ് ഒരിടത്ത് പോലും പിഴക്കാതെ മംഗള്‍യാന്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. ഈ നീണ്ട യാത്രക്കിടയില്‍ പേടകത്തെ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിക്കുക എന്നതായിരുന്നു ശാസ്ത്ര ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. എന്നാല്‍ ആ വെല്ലുവിളി സമര്‍ഥമായി ഐ എസ് ആര്‍ ഒ നേരിട്ടു. സെക്കന്‍ഡില്‍ 221 കിലോമീറ്ററില്‍ ചലിച്ചുകൊണ്ടിരുന്ന പേടകത്തെ സഡന്‍ബ്രേക്കിട്ട് 11 കിലോമീറ്റര്‍ വേഗതയിലേക്ക് കുറച്ചുകൊണ്ടുവരികയെന്നതായിരുന്നു പ്രശ്‌നം. ലിക്വിഡ് അപ്പോജി മോട്ടോര്‍ എന്ന ലാം യന്ത്രത്തെ 24 മിനുട്ട് നേരം ജ്വലിപ്പിച്ചാണ് ഈ കടമ്പ കടന്നത്.

മുന്‍ നിശ്ചയപ്രകാരം ബുധനാഴ്ച രാവിലെ 4.17ന് പേടകത്തിന്റെ ആന്റിന സജ്ജമായിക്കഴിഞ്ഞു. 6.56 നുശേഷം പേടകം സ്വയം പുറംതിരിഞ്ഞു. 7.12 ചൊവ്വയുടെ നിഴലില്‍. 7.17 മുതല്‍ 7.41 വരെ പേടകത്തിലെ ‘ലാം യന്ത്ര’വും എട്ട് ചെറിയ യന്ത്രങ്ങളും ജ്വലിച്ചു. അതോടെ പേടകത്തിന്റെ വേഗം 22 കിലോമീറ്ററില്‍നിന്ന് 1.1 കിലോമീറ്ററായി കുറഞ്ഞു. പിന്നെ ചൊവ്വയുടെ ആകര്‍ഷണത്തില്‍ കുരുങ്ങി അതിനെ വലംവെച്ചുതുടങ്ങി.

450 കോടി രൂപയാണ് മംഗള്‍യാന്‍ പദ്ധതിയുടെ ചെലവ്. 1377 കിലോഗ്രാം ഭാരമുള്ള പേടകത്തില്‍ അഞ്ച് പേലോഡുകളുണ്ട്. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ ഉപരിമേഖലകളെകുറിച്ചാണ് മംഗള്‍യാന്‍ പഠിക്കുക.

അതിനിടെ, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ മേവന്‍ പേടകം ചൊവ്വാ ഭ്രമണത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു.