Connect with us

Articles

ഗള്‍ഫ് ജയിലുകളിലെ സ്വന്തം പ്രവാസികള്‍

Published

|

Last Updated

ബഷീറിന്റെ വിശ്വവിഖ്യാത മൂക്കിനെ അനുസ്മരിപ്പിക്കുന്നതാണ് പ്രവാസി പ്രശ്‌നങ്ങളോടുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം. അകാരണമായി വളര്‍ന്നുവലുതായി വികല രൂപത്തിലേക്ക് എത്തിയ മൂക്ക് കാണാന്‍ തിക്കിത്തിരക്കുകയായിരുന്നു ജനം. എന്നാല്‍ സ്വന്തം അവയവം പ്രദര്‍ശനത്തിന് വെച്ച് ഉപജീവനത്തിന് വഴി കാണേണ്ടിവന്ന ഹതഭാഗ്യനോട് “നിനക്ക് വിശക്കുന്നുണ്ടോ” എന്ന് ഒരാളും ചോദിച്ചില്ല. പ്രവാസിയുടെ പേരില്‍ പെരുമ്പറയടിക്കുന്ന സര്‍ക്കാര്‍, പ്രവാസികളുടെ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. അവര്‍ക്ക് പ്രവാസികളെന്നാല്‍ കുബേരര്‍ മാത്രമാണ്. പണം കായ്ക്കുന്ന മരങ്ങളല്ലാത്ത പ്രവാസികളും പ്രവാസ ലോകത്തുണ്ടെന്ന് അധികാരികള്‍ വിസ്മരിച്ചതിന്റെ നോവുകളാണ് ഗള്‍ഫ് ജയിലുകളിലെ ഇരുമ്പഴികള്‍ക്ക് പറയാനുള്ളത്.
1500ഓളം ഇന്ത്യക്കാര്‍ സഊദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 25 പേര്‍ കൊലപാതകക്കേസില്‍ ശിക്ഷ അനുഭവിക്കുന്നവരാണ്. നാല് മലയാളികളും ഇവരില്‍ ഉള്‍പ്പെടും. മദ്യവുമായി ബന്ധപ്പെട്ട കേസില്‍ 81 പേരും വ്യാജ രേഖാ നിര്‍മാണ കേസില്‍ 198 പേരും കഴിയുന്നു. മോഷണക്കേസില്‍ 61 പേരും കൈക്കൂലി കേസില്‍ 16 പേരും ഇന്ത്യന്‍ തടവുകാരാണ്. ജിദ്ദ കോണ്‍സുലേറ്റിന്റെ കണക്കനുസരിച്ച് കോണ്‍സുലേറ്റ് പരിധിയിലുള്ള വിവിധ ജയിലുകളില്‍ മാത്രം 433 ഇന്ത്യക്കാരാണുള്ളത്. റിയാദിലെ മലസ് ജയിലില്‍ മാത്രം 420 ഇന്ത്യന്‍ തടവുകാരുണ്ടെന്നാണ് കണക്ക്.
304 പേര്‍ ജിദ്ദ, 20 പേര്‍ ത്വാഇഫ്, 36 പേര്‍ മക്ക, 19 പേര്‍ അബഹ എന്നീവിടങ്ങളിലും ബാക്കിയുള്ളവര്‍ തബൂക്ക്, യാംബു, മദീന ജയിലുകളിലുമാണ് കഴിയുന്നത്. അല്‍കോബാര്‍ തുഖ്ബ ജയിലില്‍ കഴിയുന്ന 16 ഇന്ത്യക്കാരില്‍ നാല് പേര്‍ മലയാളികളാണ്. അല്‍ഹസ ജയിലില്‍ 62 ഇന്ത്യക്കാരില്‍ 21 മലയാളികള്‍. കിഴക്കന്‍ പ്രവിശ്യയിലെ ദമാം ഫൈസലിയ ജയിലില്‍ 132 ഇന്ത്യന്‍ തടവുകാരുണ്ട്. മദ്യ, മയക്കു മരുന്ന് കേസുകളില്‍ അകപ്പെടുന്ന ഇന്ത്യക്കാരില്‍ കൂടുതലും മലയാളികളാണെന്ന് സഊദിയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. നാട്ടിലെ വിമാനത്താവളങ്ങളില്‍ വെച്ച് അപരിചിതരോ വിസ ഏജന്റുമാരോ നല്‍കുന്ന സാധനങ്ങള്‍ തുറന്നു നോക്കാതെ കൊണ്ടുവരുന്നവര്‍ പരിശോധനാ സമയത്താണ് ചതിയിലകപ്പെട്ടതായി തിരിച്ചറിയുക. അറിയാതെ ചതിയില്‍ കുടുങ്ങിയതാണെന്ന വാദം കോടതി മുഖവിലക്കെടുക്കാറില്ല. ജയിലില്‍ കഴിയുന്ന എല്ലാവരും കുറ്റക്കാരല്ല, വഞ്ചനയിലോ ചതിയിലോ പെട്ട് പോലീസ് പിടിയിലായവരും കൈയബദ്ധത്താല്‍ കൊലപാതക കേസിന് തടവില്‍ കഴിയുന്നവരുമടക്കം നിരവധി പേര്‍ ഉണ്ട്. പ്രലോഭനങ്ങളില്‍പെട്ട് മയക്ക് മരുന്ന് കേസുകളില്‍ അകപ്പെട്ടവരും കുറവല്ല.
അവിചാരിത സാഹചര്യങ്ങളാലും തന്റെതല്ലാത്ത കാരണത്താലും ജയിലിലടക്കപ്പെട്ടവര്‍ മുതല്‍ മോഹന വലയത്തില്‍ പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരടക്കം വലിയൊരു നിര തന്നെയുണ്ട് ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍. നിയമപരമായ സഹായം പോലും ലഭിക്കാതെ, എന്തുചെയ്യണമെന്നറിയാത്ത ഇവര്‍ക്ക് ആശ്വാസത്തിന്റെ നല്ല നാളുകള്‍ നല്‍കാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് കഴിയാതെ പോകുന്നതെന്ത് കൊണ്ട്? പ്രവാസിക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന ആരും ഗള്‍ഫുനാടുകളിലെ ജയിലുകളില്‍ കഴിയുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നോട്ട് വന്നിട്ടില്ല . ഇവരുടെ മോചനത്തിനായി കണ്ണീരും കിനാവുമായി കഴിയുന്ന കുടുംബങ്ങളെ ഓര്‍ക്കാന്‍ അധികാരികള്‍ക്ക് സമയം ലഭിക്കേണ്ടിയിരിക്കുന്നു.
തൊഴിലിനു പോയ മകന്‍ ഗള്‍ഫില്‍ ജയിലാണെന്നറിഞ്ഞതു മുതല്‍ കിടപ്പിലായ മാതാപിതാക്കള്‍, നീണ്ട പത്തും പതിനഞ്ചും വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷവും ഒരു നാള്‍ പ്രിയതമന്‍ ജയില്‍മോചിതനായി വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാര്യമാര്‍, തന്റെ നികാഹിന് കാര്‍മികത്വം വഹിക്കാന്‍ പിതാവ് വരുന്നതും കാത്തിരിക്കുന്ന പെണ്‍ മക്കള്‍; ഇവരുടെയൊക്കെ കനലെരിയുന്ന മനസ്സിന് കുളിര് പകരാതെയാണ് പ്രവാസിക്ഷേമവും പറഞ്ഞ് അധികാരികള്‍ ഊര് ചുറ്റുന്നത്.
ചിലരൊക്കെ പെട്ടുപോയതാണ്. തന്റെ കേസിന്റെ ഗതി എന്തെന്ന് പോലും അറിയാതെ, തെറ്റിലേക്ക് വഴുതി വീണ ദുര്‍നിമിഷത്തെ ശപിച്ച് മിക്കവരും ദിനങ്ങള്‍ തള്ളി നീക്കുന്നു. ഗള്‍ഫ് ജയിലില്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ അവസരങ്ങള്‍ വളരെ കുറവാണ്. ജയിലിനകത്ത് ഫെയ്‌സ് ബുക്കും വാട്ട്‌സാപ്പും ഉപയോഗിക്കുന്ന മലയാളിക്കത് മനസ്സിലാകില്ല. ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ ആരുണ്ട് ഇവര്‍ക്ക്? വല്ലപ്പോഴും എത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ വഴിയാണ് ഇവര്‍ നാട്ടിലെ വിവരങ്ങള്‍ അറിയുന്നത്. ചെന്നുപെട്ട നാട്ടിലെ ഭാഷ മനസ്സിലാകും മുമ്പെ ജയിലില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് കുറ്റപത്രം ലഭിച്ചാല്‍ പോലും തങ്ങളുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന കേസ് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. സന്ദര്‍ശകരോ മറ്റോ ഇല്ലാത്തവരില്‍ പലരും വല്ലാതെ അന്തര്‍മുഖരായിരിക്കും. ഈ കാരാഗ്രഹവാസത്തിനിടക്ക് മാനസികമായി നില തെറ്റിയവരുമുണ്ടെന്നാണ് പറയുന്നത്. വിദേശ ജയിലുകളില്‍ കാണാന്‍ ഒരു സന്ദര്‍ശകന്‍ എത്തുന്നത് പോലും അപൂര്‍വമായിരിക്കും. കാണാനും പറയാനും ആളില്ലാതെ മനോരോഗികളായി മാറിയവരും മാനസിക രോഗത്തിന്റെ വക്കിലെത്തിയവരുംതടവുകാരിലുണ്ട്്. മറ്റു രാജ്യക്കാരോടൊപ്പമുള്ള വര്‍ഷങ്ങളുടെ സഹവാസത്തിനിടയില്‍ മലയാളം ഭാഗികമായി മറന്ന മലയാളികളേയും ഇവിടങ്ങളില്‍ കാണാമെന്ന് ഗള്‍ഫിലെ പത്രപ്രവര്‍ത്തകര്‍ പറയുന്നു.
വാഹന അപകടത്തില്‍ മരണം സംഭവിച്ചാല്‍ സഊദിയില്‍ ഡ്രൈവര്‍ക്ക് ജയില്‍മോചനം ലഭിക്കണമെങ്കില്‍ ബ്ലഡ് മണി (നഷ്ടപരിഹാര ധനം)നല്‍കണം. ഇത് സാധാരണ പ്രവാസിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഇത്തരം കേസുകളില്‍ അപകടത്തില്‍ മരിച്ചയാളുടെ കുടുംബം വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ മോചനം എളുപ്പമാകും. എന്നാല്‍ മലയാളികളടക്കം സഊദിയില്‍ ഇത്തരം കേസുകളിലകപ്പെട്ട് പണം നല്‍കാന്‍ കഴിയാതെ വര്‍ഷങ്ങളോളം പലരും ജയിലില്‍ കഴിയുന്നുണ്ട്. ഇത്തരം കേസുകളില്‍ മരിച്ചവരുടെ ബന്ധുക്കളെ കണ്ട് ബ്ലഡ് മണിയില്‍ കുറവ് വരുത്തിക്കാനോ അല്ലെങ്കില്‍ ആ തുക കൊടുത്ത് ജയിലിലുള്ളയാളെ മോചിപ്പിക്കാനോ കാര്യമായ ശ്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുന്നിട്ടിറങ്ങി പാപ്പച്ചന്‍ എന്നയാളുടെ മോചനം എളുപ്പമാക്കിയത് ഒറ്റപ്പെട്ട സംഭവം. എന്നാല്‍ അതിന് വേണ്ട പണം മുടക്കിയത് മലപ്പുറം കാരനായ ആശുപത്രി ഉടമയായിരുന്നു.
സഊദിയില്‍ പൊതുമാപ്പും മറ്റു ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമ്പോള്‍ ഖുര്‍ആന്‍ മനഃപാഠവും ശിക്ഷാ ഇളവിന് യോഗ്യതയായി പരിഗണിക്കാറുണ്ട്. ഇതനുസരിച്ച്, മുഴുവന്‍ ശിക്ഷാകാലാവധിയുടെ പകുതി കാലം ശിക്ഷ അനുഭവിച്ചു കഴിഞ്ഞ തടവുകാരെ വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ മനഃപാഠമാക്കിയാല്‍ കുറ്റം പൊറുത്തു ജയില്‍മോചിതനാക്കും. ചെറിയ കുറ്റങ്ങളില്‍പ്പെട്ട ഒട്ടേറെ പേര്‍ റമസാനിലും മറ്റും തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് പ്രഖ്യാപിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ മോചിതരാകാറുണ്ട്. കഴിഞ്ഞ വാരം ഇത്തരത്തില്‍ മദീന ജയിലില്‍ നിന്ന് ഇരുനൂറിലേറെ പേരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന വിവരം ലഭിച്ചിട്ടില്ല.
ഗള്‍ഫ് ജയിലുകളില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന ശരിയായ കണക്ക് പോലും നമ്മുടെ സര്‍ക്കാറിന്റെ പക്കലില്ല. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക കാരണങ്ങളാല്‍ മോചനം സാധ്യമാകാത്ത ചില തടവുകാര്‍ കോണ്‍സുലേറ്റിന്റെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും കെടുകാര്യസ്ഥതയില്‍ പരിതപിക്കുന്നതായി ഗള്‍ഫ് മേഖലയിലെ പത്രപ്രവര്‍ത്തകര്‍ പറയുന്നു. നാടിന് വെളിച്ചമേകാന്‍ സ്വയം ഉരുകുന്ന ഈ മെഴുകുതിരികള്‍ അണയാതിരിക്കാന്‍ അധികാരികള്‍ ഇനിയെങ്കിലും കണ്ണ് തുറക്കണം.
സ്വന്തം പൗരന്മാരെ ഒരു രാജ്യം സംരക്ഷിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ നമുക്ക് പുറത്തെങ്ങും പോകേണ്ടതില്ല. കടല്‍ക്കൊല കേസ് മാത്രം നിരീക്ഷിച്ചാല്‍ മതി.

---- facebook comment plugin here -----

Latest