മന്ത്രിപരിവാരങ്ങള്‍ കാര്‍ന്നുതിന്നുന്നു

Posted on: September 24, 2014 6:00 am | Last updated: September 23, 2014 at 11:26 pm
SHARE

cartoon taxരാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും കള്ളക്കളികളും വകുപ്പിന്റെ കെടുകാര്യസ്ഥതയും എല്ലാം കഴിഞ്ഞ് ഖജനാവിലേക്ക് എത്തുന്ന വരുമാനം എങ്ങനെ ചെലവഴിക്കുന്നുവെന്നു കൂടി പരിശോധിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം കണ്ടെത്താനാകും.
പല കാര്യങ്ങളിലും സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനഃപൂര്‍വവും അല്ലാതെയുമുണ്ടാകുന്ന വീഴ്ചകള്‍ പൊതു ഖജനാവിന് വന്‍ ബാധ്യതയാണ് വരുത്തിവെക്കുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രം തലസ്ഥാനത്ത് ഓഫീസുകളിലെത്തുന്ന മന്ത്രിമാര്‍ക്ക് പല വിഷയങ്ങളിലും നേരിട്ടിടപെടാന്‍ കഴിയാത്തതിനാല്‍ ഓട്ടേറെ ഫണ്ടുകള്‍ ഖജനാവില്‍ എത്തുന്നതിന് കാലതാമസം നേരിടുന്നു. പ്രതിമാസം 100 കോടിയിലധികം രൂപ ഇതു കാരണം മാത്രം നഷ്ടപ്പെടുന്നെന്നാണ് കണക്ക്. മന്ത്രിമാര്‍ ആഴ്ചയില്‍ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും സെക്രട്ടേറിയറ്റിലെ തങ്ങളുടെ ഓഫീസുകളില്‍ ഹാജരുണ്ടായിരുന്നാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണെന്നിരിക്കെ ഇവര്‍ ഭരണത്തേക്കാള്‍ മറ്റു പലതിനും പ്രാധാന്യം നല്‍കുന്നതു മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടത്തിന് പൊതുജനം ബലിയാടാകുന്നു.
ഖജനാവിലെത്തുന്ന വാര്‍ഷിക വരുമാനത്തിന്റെ നല്ലൊരു ശതമാനവും ചെലവഴിക്കുന്നത് മന്ത്രിമാരെയും അവരുടെ പരിവാരങ്ങളെയും തീറ്റിപ്പോറ്റാനാണ്. മുഖ്യമന്ത്രിയുള്‍പ്പെടെ 21 മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും അവരുടെ ആശ്രിതര്‍ക്കുമായി ഓരോ മാസവും ഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന കോടികളുടെ എണ്ണം കേട്ടാല്‍ നികുതിദായകരുടെ കണ്ണ് തള്ളും. സംസ്ഥാനത്തെ എം എല്‍ എമാരുടെ എണ്ണത്തിനനുസരിച്ച് ആകാവുന്ന പരമാവധിയിലും കൂടുതലാണ് മന്ത്രിമാരുടെ എണ്ണം. ഇതിന് പുറമെ ഓഡിറ്റില്ലാത്ത കണക്ക് വരുന്ന ഗവര്‍ണര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ വേറെയും. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും അവരുടെ സ്റ്റാഫിനും ചെലവിനും ആനുകൂല്യങ്ങള്‍ക്കുമായി കോടികളാണ് പൊതുഖജനാവ് ചെലവഴിക്കുന്നത്.
മന്ത്രിമാരുടെ എണ്ണം പോലെ തന്നെ പരമാവധിക്കപ്പുറത്താണ് ഇവരുടെ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങളുടെയും എണ്ണം. ശരാശരി 30 വീതം ജീവനക്കാരാണ് മന്ത്രിമാര്‍ക്കുള്ളത്. ഇതില്‍ ചില മന്ത്രിമാര്‍ക്ക് നാല് പ്യൂണുമാരും മൂന്ന് പാചകക്കാരും വരെ ഉണ്ട്. ചില മന്ത്രിമാര്‍ തങ്ങളുടെ സ്വകാര്യ ഇടപാടിനു വേണ്ടി നിയമിച്ചവരെ പോലും സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയാണ് ശമ്പളം നല്‍കുന്നത്. തലസ്ഥാന നഗരത്തില്‍ തന്നെ മന്ത്രിമാര്‍ ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഖജനാവിലെ പണം ഉപയോഗിച്ചാണ്. സാമ്പത്തിക പ്രതിസന്ധി കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് ധന മന്ത്രിയുടെ പാര്‍ട്ടിക്കാരനായ ചീഫ്‌വിപ്പിന് പുതിയ വാഹനം വാങ്ങാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. 15 ലക്ഷം രൂപ വിലമതിക്കുന്ന ഇന്നോവയുടെ പുതിയ ഫുള്‍ ഓപ്ഷന്‍ കാറാണ് ചിഫ് വിപ്പിനായി വാങ്ങുന്നത്. ഒപ്പം നാല് മന്ത്രിമാര്‍ക്കു കൂടി കാര്‍ വാങ്ങാനുള്ള നിര്‍ദേശം ധന വകുപ്പിന്റെ പരിഗണനയിലുണ്ട്. ഈ മന്ത്രിമാരാരും ഇപ്പോള്‍ വാഹനമില്ലാത്തത് കൊണ്ട് കാല്‍നട യാത്ര ചെയ്യുന്നവരൊന്നുമല്ല. സര്‍ക്കാര്‍ വകയില്‍ ഒരു പത്രാസ്. അത്ര തന്നെ. കഴിഞ്ഞ മേയില്‍ അഞ്ച് കാറുകള്‍ മന്ത്രിമാര്‍ക്ക് വേണ്ടി വാങ്ങിയിരുന്നു.
മന്ത്രിമാര്‍ക്കെന്ന പോലെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനെയും തീറ്റിപ്പോറ്റാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്ന കോടികളും ഏറെയാണ്. ഓരോ മന്ത്രിക്കും ശരാശരി 25-30 പേഴ്‌സനല്‍ സ്റ്റാഫംഗങ്ങളുണ്ട്. 30,000 മുതല്‍ ഒരു ലക്ഷത്തോളം വരെ രൂപയാണ് ഇവരുടെ ശമ്പളം. ചില മന്ത്രിമാരുടെ സ്റ്റാഫില്‍ നാല് പ്യൂണുമാരും നാല് പാചകക്കാരും വരെയുണ്ട്. ശമ്പളത്തിന് പുറമെ മറ്റു ആനുകൂല്യങ്ങളും കോടികള്‍ വരും. ഇടക്കിടെ പുതിയ പുതിയ നികുതി ഭാരം ജനങ്ങള്‍ക്കു മേല്‍ ചുമത്തുന്ന ഭരണാധികാരികള്‍ തങ്ങളുടെയും ആശ്രിതരുടെയും ആനുകൂല്യങ്ങളില്‍ കൈ വെക്കാനോ നിയന്ത്രണമേര്‍പ്പെടുത്താനോ തയ്യാറാകാറില്ല.
ഭരണക്കാരായ ഓരോ പാര്‍ട്ടിക്കാരും തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്ത നേതാക്കളെയും തഴയപ്പെട്ടവരെയും ചിലയിടങ്ങളില്‍ മുന്‍ മന്ത്രിമാരെയും വരെ കുടിയിരുത്താനായി പടച്ചുണ്ടാക്കുന്ന ബോര്‍ഡ് കോര്‍പ്പറേഷനുകള്‍ സര്‍ക്കാറിന് വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യത ചെറുതൊന്നമല്ല. ആര്‍ ബാലകൃഷ്ണ പിള്ളയുടെ മുന്നാക്ക കോര്‍പറേഷന്‍ ഉദാഹരണം.
100ലേറെ ബോര്‍ഡ് കോര്‍പ്പറേഷനുകളും പിന്നെ കമ്മീഷണറേറ്റുകളും പൊതു ഖജനാവിലെ കോടികളാണ് തിന്നുമുടിക്കുന്നത്. വിവിധ കമ്മീഷനുകള്‍ അമിത വ്യയത്തില്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ്. ബഹുനില കെട്ടിടത്തിന്റെ മൂന്ന് നിലകളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ വാടകയിനത്തില്‍ ഒരു മാസം നല്‍കുന്നത് 3,27,632 രൂപ. പതിവ് കെട്ടിട നിയമമസരിച്ച് വാടകക്കെട്ടിടത്തിന്റെ സേവന നികുതി ഉടമയാണ് നല്‍കേണ്ടതെങ്കിലും ഇവിടെ അതും സര്‍ക്കാറിന്റെ ചുമലിലാണ്. ഇതിനു പുറമെ കമ്മീഷനു സ്‌പെഷ്യല്‍ സെക്രട്ടറിയും രജിസ്ട്രാറും രണ്ട് അണ്ടര്‍ സെക്രട്ടറിമാരുമുണ്ട്. ഇവരില്‍ സ്‌പെഷ്യല്‍ സെക്രട്ടറിക്ക് ഒരു ലക്ഷം രൂപയും അണ്ടര്‍ സെക്രട്ടറിമാര്‍ക്ക് 85,000 രൂപ വീതവുമാണ് ശമ്പളം. എന്നാല്‍ ഇവിടെ ജഡ്ജിമാരല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ ജോലികളില്ല. ഈയിനത്തില്‍ പ്രതിമാസം 2.7 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഖജനാവ് താങ്ങേണ്ടി വരുന്നത്. ഇതെല്ലാമുള്‍പ്പെെട ആറ് ലക്ഷം രൂപയാണ് മനുഷ്യാവകാശ കമ്മീഷനില്‍ നടക്കുന്ന ധൂര്‍ത്ത്. വനിതാ കമ്മീഷനിലും സ്ഥിതി മറിച്ചല്ല. വനിതാ കമ്മീഷന്റെ ഓഫീസിന് വാടകയിനത്തില്‍ പ്രതിമാസം നല്‍കുന്നത് ഒന്നര ലക്ഷം രൂപയാണ്. തലസ്ഥാനത്ത് സിവില്‍ സ്റ്റേഷനിലും മറ്റും ഒട്ടേറെ സ്ഥലം ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ പാഴ്‌ച്ചെലവിന് പൊതു ഖജനാവ് വില നല്‍കേണ്ടി വരുന്നത്
ധന വകുപ്പ് തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാന ഖജനാവിലേക്ക് പിരിഞ്ഞു കിട്ടാനുള്ളത് 32,526 കോടി രൂപയാണ്. ഇതില്‍ 23, 002 കോടി രൂപയുടെ കുടിശ്ശികയുള്ള വില്‍പ്പന നികുതി തന്നെയാണ് ഏറ്റവും മുന്നില്‍. പെട്രോളിയം കമ്പനികളില്‍ നിന്ന് 1296 കോടിയും മോട്ടോര്‍ വാഹന നികുതിയില്‍ നിന്ന് 819 കോടിയും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ 181 കോടിയും കാര്‍ഷിക ആദായ നികുതി 66 കോടിയും ഭൂനികുതി 126 കോടിയും എക്‌സൈസ് നികുതി 237 കോടിയും കേന്ദ്ര വില്‍പ്പന നികുതി 239 കോടിയും വരും. ഈ തുകയില്‍ തര്‍ക്കവും കോടതി കേസും നിയമപ്രശ്‌നങ്ങളും നിലനില്‍ക്കുന്നത് 9500 കോടി രൂപയുടെ കാര്യത്തില്‍ മാത്രമാണ്. ബാക്കിയുള്ള 23,026 കോടി രൂപ പിരിച്ചെടുക്കുന്നതിന് സാങ്കേതികമായി പ്രശ്‌നങ്ങളൊന്നുമില്ല. സര്‍ക്കാറിന് ഇച്ഛാശക്തിയും വാണിജ്യ നികുതി വകുപ്പിന് കാര്യക്ഷമതയുമുണ്ടെങ്കില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പിരിച്ചെടുക്കാമെന്നിരിക്കെയാണ് ഇക്കാര്യം അവഗണിച്ച് പുതിയ നികുതി പരിഷ്‌കാരവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം നികുതി ചുമത്താന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും അത് ചുമത്താനും പിരിച്ചെടുക്കാനും അറിയാമെന്നും വെല്ലുവിളിക്കുന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം എന്തിന്റെ ലക്ഷണമാണ്?
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം? ഇതേകുറിച്ച് നാളെ