Connect with us

Wayanad

നൂതന ബേങ്കിംഗ് സേവനങ്ങള്‍ സാധാരണക്കാരന് ഉറപ്പാക്കി പ്രധാനമന്ത്രി ജന്‍ധന്‍ യോജന

Published

|

Last Updated

കല്‍പ്പറ്റ: സാധാരണക്കാരന് ബാങ്കിങ് സേവനങ്ങളുടെ നൂതന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രകാരംജില്ലയിലെ എല്ലാ പ്രായപൂര്‍ത്തിയായവര്‍ക്കും ഒക്‌ടോബര്‍ 15 നകം ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുമെന്ന് ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എം.വി. രവീന്ദ്രന്‍ അറിയിച്ചു.
ഇതിനായി ബാങ്ക് ശാഖകളുടെയും അക്ഷയയുടെയും നേതൃത്വത്തില്‍ ബാങ്ക് അക്കൗണ്ടില്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക സര്‍വ്വെ ആരംഭിച്ചു. പുതിയ അക്കൗണ്ടുകള്‍ തുടങ്ങുന്നവരെ സഹായിക്കുന്നതിന് ശനിയാഴ്ചകളില്‍ എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും അക്ഷയ കേന്ദ്രങ്ങളിലും പ്രത്യേക ക്യാമ്പ് നടത്തും. കൂടാതെ ജില്ലാതലത്തില്‍ ഒരു മെഗാ ക്യാമ്പും ആദിവാസികള്‍ക്ക് മാത്രമായി പ്രത്യേക ക്യാമ്പും സംഘടിപ്പിക്കും.സര്‍വ്വെയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ബാങ്ക് അക്കൗണ്ട് നിലവിലില്ലാത്തവര്‍ തൊട്ടടുത്ത ബാങ്കുമായി ബന്ധപ്പെട്ട് എത്രയും വേഗം അക്കൗണ്ട് ആരംഭിക്കണമെന്നും അദ്ദേഹം അറിയിച്ചു. നൂതനമായ എല്ലാ ബാങ്കിംഗ് സേവനങ്ങളും ഈ പദ്ധതി പ്രകാരം അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും. അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ നമ്പര്‍ മാത്രം മതി. ബയോമെട്രിക് സംവിധാനം വഴി ഉപഭോക്താവിന്റെ വിവരങ്ങള്‍ ബാങ്കിന് ലഭ്യമാക്കുന്ന സംവിധാനം ബ്രാഞ്ചുകളില്‍ നിലവിലുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് എ.ടി.എം സൗകര്യമുള്ള റുപേ കാര്‍ഡ് നല്‍കും. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമില്ല. അക്കൗണ്ടുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും 30,000 രൂപയുടെ ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും. അപകട ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്നതിന് 45 ദിവസത്തിലൊരിക്കലെങ്കിലും റുപേ കാര്‍ഡുപയോഗിച്ച് ഇടപാട് നടത്തണമെന്ന് നിര്‍ബന്ധമുണ്ട്. നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍ സ്വന്തമായുള്ളവര്‍ പുതിയ അക്കൗണ്ട് ആരംഭിക്കേണ്ടതില്ല. എന്നാല്‍ ഈ പദ്ധതി പ്രകാരം അപകട ഇന്‍ഷുറന്‍സിനുള്ള അര്‍ഹത ലഭിക്കുന്നതിന് അക്കൗണ്ടുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് റുപേ കാര്‍ഡ് സ്വന്തമാക്കണം.
അസംഘടിത മേഖലയിലുള്ളവര്‍ക്ക് പെന്‍ഷന്‍, ഓണ്‍ലൈന്‍ ഇന്‍ഷൂറന്‍സ് സേവനം, കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്നിവയും താമസിയാതെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. *99# എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ ഏത് സാധാരണ ഫോണിലും ബാലന്‍സ്, മിനിസ്റ്റേറ്റ്‌മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. നവംബര്‍ ഒന്നിന് കേരളം സമ്പൂര്‍ണ്ണ ബാങ്ക് അക്കൗണ്ട് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

 

Latest