മെഡിക്കല്‍ സീറ്റിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്‌

Posted on: September 24, 2014 12:04 am | Last updated: September 23, 2014 at 11:20 pm
SHARE

കല്‍പ്പറ്റ: സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് 36.26 ലക്ഷം രൂപയുടെ തട്ടിപ്പ്. 2013-ല്‍ മേപ്പാടി ചക്കനാടത്ത് ഷാജി മകന് എം ബി ബി എസ് സീറ്റ് തരപ്പെടുത്തുന്നതിനായി മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ ജില്ലയിലെ ഏജന്റുമാരെ സമീപിക്കുകയായിരുന്നു.
ബംഗളൂരു വൈദേഹി മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് 36.26 ലക്ഷം രൂപ ഷാജിയില്‍ നിന്നും ഏജന്റുമാര്‍ വാങ്ങിയെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും സീറ്റ് നല്‍കിയില്ല. നിരവധി തവണ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 19 ലക്ഷം രൂപ തിരികെ നല്‍കിയെങ്കിലും ബാക്കി തുക തിരികെ ചോദിച്ചപ്പോള്‍ ഏജന്റുമാര്‍ വധഭീഷണി മുഴക്കുകയായിരുന്നു.
തുടര്‍ന്ന് ഷാജി കല്‍പ്പറ്റ സി ജെ എം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.