Connect with us

Kasargod

കുട്ടിയാനം പ്രദേശത്ത് വന്യജീവികള്‍ നാട്ടുകാരുടെ സൈ്വരം കെടുത്തുന്നു

Published

|

Last Updated

ബോവിക്കാനം: കുട്ടിയാനം പ്രദേശങ്ങളില്‍ കാട്ടുപോത്തുള്‍പ്പെടെയുള്ള വന്യജീവികള്‍ ഭീതി പരത്തുന്നു. രാത്രിയെന്നോ, പകലെന്നോ വിത്യാസമില്ലാതെ വന്യജീവികള്‍ കൃഷിയിടങ്ങളിലും മറ്റും ഇറങ്ങുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം നാട്ടിലിറങ്ങി സൈ്വര്യവിഹാരം നടത്തുകയായിരുന്ന കാട്ടുപോത്തിനെ നാട്ടുകാര്‍ വനത്തിലേക്ക് ഓടിച്ചുവിട്ടു.
കാട്ടുപോത്ത്, പെരുമ്പാമ്പ്, രാജവെമ്പാല, കാട്ടുപന്നി, കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യജീവികളാണ് ഈ ഭാഗങ്ങളില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ് എന്നിവ വ്യാപകമായി കൃഷി നാശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് ദുരിതമായിരിക്കുകയാണ്. വന്യജീവികളുടെ അക്രമംമൂലം വന്‍ കൃഷിനാശമാണ് ഉണ്ടാകുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും വന്യജീവികളുടെ അക്രമവും ഇരട്ടപ്രഹരമാണ് വരുത്തിവെക്കുന്നത്.
പ്രദേശത്ത് കാട്ടുപന്നികളും കാട്ടുപോത്തുകളും പകല്‍സമയത്തുപോലും റോഡിലിറങ്ങുന്നത് വാഹനങ്ങള്‍ക്കും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. വന്യജീവികളില്‍നിന്ന് കൃഷിയിടത്തിനും നാട്ടുകാര്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് അധികൃതര്‍ തയ്യാറാകണമെന്ന് കുട്ടിയാനം കാരുണ്യ സ്വാശ്രയസംഘം പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.