Connect with us

Kannur

ചെറുവാഞ്ചേരിയിലും ചൊക്ലിയിലും വീടിന് നേരെ ബോംബേറ്‌

Published

|

Last Updated

കണ്ണൂര്‍: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിലും ചൊക്ലിയിലും വീടുകള്‍ക്ക് നേരെ ബോംബേറ്. ചെറുവാഞ്ചേരി പൂവ്വത്തൂരില്‍ ബി ജെ പി പാട്യം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍ വി ശശിധരന്റെ വീടിന് നേരെയും ചൊക്ലി ഒളവിലം ആര്‍ എസ് എസ് കാര്യവാഹക് കെ വിനീഷിന്റെ വീടിന് നേരെയുമാണ് ബോംബേറുണ്ടായത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ചെറുവാഞ്ചേരിയില്‍ അക്രമം നടന്നത്. ശശിധരന്റെ വീട്ടുകിണറ്റിന്റെ ആള്‍മറയില്‍ തട്ടി ബോംബ് പൊട്ടുകയായിരുന്നു.
സ്‌ഫോടനത്തെ തുടര്‍ന്ന് ശശിധരന്റെ മകള്‍ ശിശിര (18)ക്ക് കേള്‍വി തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവസമയത്ത് ശശിധരനും ഭാര്യ സുനിതയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ചെറുവാഞ്ചേരി ടൗണില്‍ പാട്യം ദിനാചരണത്തിന്റെ ഭാഗമായി സി പി എം ഉയര്‍ത്തിയ കൊടിതോരണങ്ങള്‍ ഒരു സംഘം നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി പി എം ചെറുവാഞ്ചേരി ലോക്കല്‍ കമ്മിറ്റി സിക്രട്ടറി കുറ്റിച്ചി പ്രേമന് മര്‍ദനമേറ്റിരുന്നു. ഒരു സംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാണ് പരാതിയുണ്ടായിരുന്നത്. ലോക്കല്‍ സെക്രട്ടറിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സി പി എം ചെറുവാഞ്ചേരിയില്‍ ഇന്നലെ ഹര്‍ത്താലും ആചരിച്ചിരുന്നു. ഇതിനിടയിലാണ് ബി ജെ പി നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായത്.
ചൊക്ലി ഒളവിലം ആര്‍ എസ് എസ് ശാഖാ കാര്യവാഹക് കെ വിനീഷിന്റെ കണ്ടിയില്‍ വീടിന് നേരെ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാല്‍ മണിയോടെയാണ് അക്രമണമുണ്ടായത്. ബോംബെറിഞ്ഞ് ഭീതി പരത്തിയശേഷം വീടിന്റെ ജനല്‍ ചില്ലുകള്‍, മുറ്റത്തെ പൂച്ചെടികള്‍, അക്വേറിയം, നിര്‍ത്തിയിട്ട ഓംനി വാനിന്റെ സീറ്റുകള്‍ എന്നിവ അടിച്ചും കുത്തിക്കീറിയും തകര്‍ത്തു. വീട്ടുവാതിലിനും കേടുപാടുകള്‍ വരുത്തി.
ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിനടുത്ത് ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പണിത ശ്രീകൃഷ്ണപുരം ബസ് ഷെല്‍ട്ടറും അടിച്ചുതകര്‍ത്തിട്ടുണ്ട്. ഒളവിലം പെരുമാള്‍ മഠം പരിസരത്ത് ബി ജെ പി പ്രവര്‍ത്തകര്‍ സ്ഥാപിച്ച പാര്‍ട്ടി പ്രചരണ സാമഗ്രികളും നശിപ്പിച്ചതായി പരാതിയുണ്ട്. ചൊക്ലി എസ് ഐ. പി ജെ പൗലോസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ചൊക്ലി പോലീസും സംയുക്തമായി ഒളവിലം പ്രദേശത്ത് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്താന്‍ തിരച്ചില്‍ നടത്തി. ഒളവിലത്ത് നടന്നതായി പറയപ്പെടുന്ന അക്രമസംഭവങ്ങളെ പറ്റി നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് സി പി എം ചൊക്ലി സൗത്ത് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ആര്‍ എസ് എസ് ശാഖാ കാര്യവാഹകിന്റെ വീടിന് നേരെയും ബി ജെ പി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെയും അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ഒളവിലത്ത് ഇന്നലെ ബി ജെ പി ആഹ്വാനപ്രകാരം ഹര്‍ത്താല്‍ നടത്തി. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
ചെറുവാഞ്ചേരിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലും പെട്ട 60ഓളം പേര്‍ക്കെതിരെ കണ്ണവം പോലീസ് കേസെടുത്തു.

Latest