ബേങ്ക് കാര്‍ഡായി ഉപയോഗിക്കാനും ഇനി എമിറേറ്റ്‌സ് ഐഡി

Posted on: September 23, 2014 8:17 pm | Last updated: September 23, 2014 at 8:17 pm
SHARE

emirates identityഅബുദാബി; ബേങ്ക് എ ടി എം കാര്‍ഡായി ഉപയോഗിക്കാനും ഇനി എമിറേറ്റ്‌സ് ഐ ഡി സജ്ജം. തലസ്ഥാന നിവാസികളാണ് ആദ്യ ഘട്ടത്തില്‍ എമിറേറ്റ്‌സ് ഐ ഡി ബേങ്ക് കാര്‍ഡായി എ ടി എമ്മില്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്. അല്‍ ഹിലാല്‍ ബേങ്കിന്റെ നൂറുകണക്കായ ഉപഭോക്താക്കള്‍ക്കാണ് ഇതിനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് ഐ ഡി ബേങ്ക് കാര്‍ഡായി ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവുന്നത് ആധുനിക സാങ്കേതികവിദ്യയോടുള്ള താല്‍പര്യമാണ് പ്രകടമാക്കുന്നതെന്ന് ബേങ്കിന്റെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് മറിയം അല്‍ അഹ്‌ലി വ്യക്തമാക്കി. ഈ മാസം ഏഴു മുതലാണ് എ ടി എമ്മുകളില്‍ ഉപയോഗിക്കാനായി എമിറേറ്റ്‌സ് ഐ ഡിക്ക് അനുമതി നല്‍കിയത്. ഇതുവരെ 8,000 ഉപഭോക്താക്കള്‍ എ ടി എം കാര്‍ഡുകളായി എമിറേറ്റ്‌സ് ഐ ഡി ഉപയോഗിക്കുന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സേവനത്തിനായി ദിനേന നിരവധി പേരാണ് ബേങ്കിനെ സമീപിക്കുന്നത്. അല്‍ ഹിലാല്‍ ബേങ്കിന് 22 ശാഖകളും 84,000 ഉപഭോക്താക്കളുമാണുള്ളത്. കസാഖിസ്ഥാനില്‍ മൂന്നു ശാഖകളും ബേങ്കിനുണ്ട്.
രാജ്യത്ത് എമിറേറ്റ്‌സ് ഐ ഡി കാര്‍ഡ് എ ടി എം കാര്‍ഡായി ഉപയോഗപ്പെടുത്തുന്ന ആദ്യ ബേങ്ക് എന്ന പദവി അല്‍ ഹിലാല്‍ ബേങ്കിന് മാത്രം അവകാശപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ പൂര്‍ണ്ണമായും ഡിജിറ്റല്‍ സമൂഹമാക്കി മാറ്റുന്നതിന്റെ ഭാഗമാണ് പുതിയ നടപടി. വളരെ എളുപ്പം ഇതിനായി രജിസ്റ്റര്‍ ചെയ്യാം. ബേങ്കിന്റെ എ ടി എം യന്ത്രത്തില്‍ കാര്‍ഡ് ഇട്ടാല്‍ നടപടി ക്രമം പൂര്‍ത്തിയാക്കാം. ബേങ്കിന്റെ എ ടി എം കാര്‍ഡിന്റെ പിന്‍ നമ്പറും ഇതില്‍ ഉപയോഗിക്കാമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടില്ല. ഐ ഡി കാര്‍ഡ് എ ടി എം യന്ത്രത്തില്‍ ഇടുന്നതോടെ കാര്‍ഡ് എ ടി എം കാര്‍ഡായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവോയെന്നു യന്ത്രം ചോദിക്കുമെന്നും അതെയെന്ന് ഉത്തരം നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാവുമെന്നും മറിയം വിശദീകരിച്ചു.
എമിറേറ്റ്‌സ് ഐ ഡി കാര്‍ഡ് ബേങ്ക് കാര്‍ഡായി ഉപയോഗിക്കാന്‍ പറ്റുമെന്ന് നേരത്തെ പരീക്ഷിച്ച് വിജയിച്ചതാണെന്ന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. അലി അല്‍ ഖൂരിയും വ്യക്തമാക്കി.