സമാന്തര കമ്പനി: ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന പരാതി നല്‍കി

Posted on: September 23, 2014 8:00 pm | Last updated: September 23, 2014 at 8:15 pm
SHARE

ദുബൈ: ഷാര്‍ജയിലുള്ള കമ്പനിക്ക് സമാന്തരമായി ഷാര്‍ജ ഹമരിയ ഫ്രീസോണില്‍ ട്രേഡിംഗ് കമ്പനി തുടങ്ങി, കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ആലപ്പുഴ കാര്‍ത്തികപ്പള്ളി എരിക്കാവ് സ്വദേശി സനോജ് കുമാറിനെതിരെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന ആലപ്പുഴ പോലീസ് സൂപ്രണ്ട്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഡി ജി പി, നോര്‍ക്ക മന്ത്രി കെ സി ജോസഫ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് തട്ടിപ്പിനിരയായവരാണ് പരാതി നല്‍കിയത്.
2007 ജുലൈയിലാണ് കൃഷ്ണ പ്രസാദ് എന്ന പേരില്‍ മനോജ് കുമാര്‍ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി തട്ടിപ്പുനടത്തിയത്. കാസര്‍കോട് കൊളവയല്‍ എന്ന മേല്‍വിലാസത്തിലായിരുന്നു പാസ്‌പോര്‍ട്ട്. കാസര്‍കോട്ടെ കൊളവയല്‍ ഇട്ടമ്മല്‍ വിജയമ്മ പത്തുകണ്ടം ചെല്ലപ്പന്‍ മകന്‍ കൃഷ്ണപ്രസാദ് എന്നപേരില്‍ ഒരാള്‍ ഇല്ലെന്ന വിവരമാണ് നാട്ടുകാരില്‍ നിന്ന് ലഭിച്ചത്. 2010ലാണ് ഇന്ത്യക്കാരന്റെയും അജ്മാന്‍ രാജകുടുംബാംഗത്തിന്റെയും ഉടമസ്ഥതയിലുള്ള ഡീസല്‍ ട്രേഡിംഗ് കമ്പനിക്ക് ഒരു ലക്ഷത്തി തൊണ്ണൂറായിരം ദിര്‍ഹത്തിന്റെ വണ്ടിചെക്ക് നല്‍കി ഇന്ത്യയിലേക്ക് കടന്നു കളഞ്ഞത്. ഇതിനെ തുടര്‍ന്ന് ഷാര്‍ജ കോടതിയില്‍ നല്‍കിയ കേസില്‍ കൃഷ്ണ പ്രസാദ് എന്ന സനോജ് കുമാറിനെ മൂന്ന് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
തട്ടിപ്പിന് ഇരയായ പലരും പരാതി നല്‍കിയെങ്കിലും പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ വ്യാജമായതിനാല്‍ ഇയാളെ കണ്ടെത്താനായില്ല. ഇന്ത്യയിലും വിദേശത്തും ഓഫീസുള്ള യുണൈറ്റഡ് അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന നല്‍കിയ കേസിലാണ് സനോജ്കുമാറിനെ കണ്ടു പിടിച്ച് നിയമത്തിന്‍ മുമ്പില്‍ കൊണ്ടുവരാന്‍ സാധിച്ചത്. സനോജ്കുമാര്‍ എന്ന പേര് മറച്ചുവെച്ച് തട്ടിപ്പുനടത്തിയ കൃഷ്ണ പ്രസാദിനെതിരെ നിയമ നടപടിയെടുക്കാന്‍ വഞ്ചിതരായ മറ്റുള്ളവരും യുണൈറ്റഡ് അഡ്വക്കേറ്റ്‌സിനെ സമീപിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here