Connect with us

Gulf

യു എ ഇ ജനസംഖ്യയുടെ 41 ശതമാനം ഗതാഗതക്കുരുക്ക് അനുഭവിക്കുന്നു

Published

|

Last Updated

ദുബൈ: രാജ്യത്ത് ജീവിക്കുന്നവരില്‍ 41 ശതമാനവും നീണ്ട ഗതാഗതക്കുരുക്കിനാല്‍ ദുരിതം അനുഭവിക്കുന്നതായി പഠനം. ഷാര്‍ജ-ദുബൈ റൂട്ടില്‍ പതിവായി യാത്രചെയ്യുന്നവരാണ് ഗതാഗതക്കുരുക്കിന്റെ ദുരിതം ഏറ്റവുമധികം പേറുന്നത്. ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ 24/7 നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. എല്ലാ ദിവസവും ഗതാഗതക്കുരുക്കില്‍ രണ്ടു മണിക്കൂറോളം കിടക്കേണ്ടി വരുന്നതായി സര്‍വേയില്‍ പ്രതികരിച്ച 41 ശതമാനം പേര്‍ വെളിപ്പെടുത്തി.

ഗതാഗതക്കുരുക്ക് കാരണം വീട്ടില്‍ നിന്നു നേരത്തെ ജോലിക്കായി പുറപ്പെടേണ്ടുന്ന സ്ഥിതിയാണെന്ന് സര്‍വേയില്‍ പ്രതികരിച്ചവരില്‍ 17 ശതമാനം വ്യക്തമാക്കി. ഓഫീസ് സമയം കഴിഞ്ഞാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നതിനാല്‍ കൂടുതല്‍ സമയം ഓഫീസില്‍ ചെലവിടേണ്ടി വരുന്നതായും ഇവര്‍ പറയുന്നു. രാവിലെ ഏഴിനും ഒമ്പതിനും ഇടയിലും വൈകുന്നേരം അഞ്ചിനും ഏഴിനും ഇടയിലുമാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.
അല്‍ ബര്‍ഷക്കും ജബല്‍ അലിക്കും ഇടയില്‍ രാവിലെയും വൈകുന്നേരവും കനത്ത ഗതാഗതക്കുരുക്കാണെന്ന് ഇതുവഴി സ്ഥിരമായി യാത്ര ചെയ്യുന്ന ലിസ ജോസഫ് പറഞ്ഞു. സ്‌കൂളുകള്‍ തുറന്നതോടെ പതിവിലും ഒരു മണിക്കൂര്‍ കൂടുതല്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്ന സ്ഥിതിയാണ് രാവിലെ ഉണ്ടാവുന്നത്. വൈകുന്നേരം സ്ഥിതി കൂടുതല്‍ വഷളാവും, ചിലപ്പോള്‍ രണ്ടു മണിക്കൂറോളം സമയം അധികം വേണ്ടി വരും ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷനേടാനെന്നും ഇവര്‍ വ്യക്തമാക്കി. എല്ലാ ദിവസവും ഗതാഗതക്കുരുക്ക് കാരണം നേരത്തിന് ഓഫീസില്‍ എത്താന്‍ സാധിക്കാത്ത സ്ഥിതിയായിരിക്കയാണെന്ന് ജുമൈറ വില്ലേജിലെ താമസക്കാരനായ അലക്‌സ് മോറിസ് അഭിപ്രായപ്പെട്ടു. ദീര്‍ഘനേരം ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതായും മീഡിയാ സിറ്റിയില്‍ ജോലി ചെയ്യുന്ന അലക്‌സ് പറഞ്ഞു.
വാഹനാപകടങ്ങളില്‍ 10.7 ശതമാനം കുറവ്
അബുദാബി: രാജ്യത്ത് വാഹനാപകടങ്ങളില്‍ 10.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി യു എ ഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2014ന്റെ ആദ്യ എട്ടു മാസങ്ങളില്‍ 3,170 വാഹനാപകടങ്ങളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 3,549 അപകടങ്ങളാണ് സംഭവിച്ചതെന്നും ആഭ്യന്തര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് കോഓഡിനേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്ത് ഹസ്സന്‍ അല്‍ സഅബി വ്യക്തമാക്കി. 362 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ 2014ല്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ 2013ല്‍ ഇത് 464 പേരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest