നിങ്ങളുടെ കുട്ടികള്‍ സ്വര്‍ണത്തില്‍; വിജയികളെ ഉടന്‍ പ്രഖ്യാപിക്കും

Posted on: September 23, 2014 7:15 pm | Last updated: September 23, 2014 at 7:15 pm
SHARE

Screen shot 2014-07-07 at 12 05 46 PM (4) (1) copyദുബൈ: ശരീര ഭാരം കുറച്ച് സ്വര്‍ണം നേടുന്ന മത്സരത്തിലെ വിജയികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നു ദുബൈ നഗരസഭാ അധികൃതര്‍ അറിയിച്ചു. മത്സര സമയം ഈ മാസം 10ന് അവസാനിച്ചിരുന്നു.
എല്ലാ വിജയികളെയും എസ്എംഎസ് മുഖേന വിവരം അറിയിക്കുമെന്ന് ദുബൈ നഗരസഭ പബ്ലിക് റിലേഷന്‍സ് മേധാവി ഫഹിമാ അല്‍ അമിരി പറഞ്ഞു. വിജയികളെ പ്രഖ്യാപിക്കുന്നതോടൊപ്പം സമ്മാനദാന ചടങ്ങിന്റെ വേദിയെക്കുറിച്ചുള്ള അറിയിപ്പും നല്‍കും. പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് യുവര്‍ ചൈല്‍ഡ് ഇന്‍ ഗോള്‍ഡ് പദ്ധതി നേടിയതെന്ന് മെഡിക്കല്‍ ഇന്‍ ചാര്‍ജ് ഡോ. നജിബാ അല്‍ ഷെസാവി പറഞ്ഞു. ദുബൈയിയെ ലോകത്തെ ഏറ്റവും ആരോഗ്യമുള്ള നഗരങ്ങളിലൊന്നാക്കി മാറ്റുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ അമിത ഭാരം കുറക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 112 രാജ്യങ്ങളിലെ പൗരന്മാരായ 26,000 പേര്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ നിന്ന് 18,000 പേരെ ഇപ്രാവശ്യം തിരഞ്ഞെടുത്തു. ഇവര്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന, വ്യായാമ പരിപാടി, മറ്റു പരിപാടികള്‍ എന്നിവ ഏര്‍പ്പെടുത്തി.
അമിതവണ്ണക്കാരുടെ കാര്യത്തില്‍ യുഎഇയിലെ പുരുഷന്മാരില്‍ 67%ഉം വനിതകളില്‍ 72% ഉം വര്‍ധനയുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ കണക്കില്‍ പറയുന്നു. വേള്‍ഡ് ഡയബറ്റീസ് യൂണിയന്റെ 2013ലെ റിപ്പോര്‍ട്ട് പ്രകാരം പ്രമേഹ രോഗികളുടെ കാര്യത്തില്‍ യുഎഇക്ക് 15-ാമത്തെ റാങ്കാണുള്ളത്-18.98%. പ്രമേഹ രോഗ ചികിത്സക്കായി ഇതുവരെ രാജ്യത്ത് 600 കോടി ഡോളര്‍ ചെലവഴിച്ചതായും ഡോ. നജിബ് വെളിപ്പെടുത്തി.