ദുബൈ സുരക്ഷിതമെന്ന് 96 ശതമാനം

Posted on: September 23, 2014 7:12 pm | Last updated: September 23, 2014 at 7:12 pm
SHARE

dubaiദുബൈ: ജീവിക്കാന്‍ സുരക്ഷിതമായ നഗരമാണ് ദുബൈയെന്ന് താമസക്കാരില്‍ 96 ശതമാനവും വ്യക്തമാക്കുന്നു. സി ഡി എ (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി)യും ദുബൈ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. സ്വദേശികളും പ്രവാസികളുമായ 3,796 വ്യക്തികളെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.
1,328 സ്വദേശികളും 1,504 പ്രവാസികളുമാണ് സുരക്ഷിതത്വവുമായി ബന്ധപ്പെട്ട സര്‍വേയില്‍ പ്രതികരിച്ചത്. 464 കൂട്ടുകുടുംബങ്ങളിലെ അംഗങ്ങളെയും ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള 500 വ്യക്തികളെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വീട്ടുജോലിക്കാരെയും രാജ്യത്ത് സന്ദര്‍ശനത്തിനായി എത്തുന്നവരെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സ്വദേശികളില്‍ 96.5 ശതമാനമാണ് ജീവിക്കാന്‍ സുരക്ഷിതമായ നഗരമാണ് യു എ ഇയെന്ന് അഭിപ്രായപ്പെട്ടത്. പ്രവാസികളില്‍ 95.9 ശതമാനമാണ് ഇതേ അഭിപ്രായം പ്രകടിപ്പിച്ചത്.