ദുബൈ കനാല്‍; സമാന്തര പാത അടുത്ത മാസം അവസാനം പൂര്‍ത്തിയാവും

Posted on: September 23, 2014 7:00 pm | Last updated: September 23, 2014 at 7:06 pm
SHARE

ദുബൈ: ദുബൈ കനാല്‍ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന ശൈഖ് സായിദ് റോഡിലെ സമാന്തര പാതയുടെ നിര്‍മാണം അടുത്ത മാസം 25ന് മുമ്പായി പൂര്‍ത്തിയാവുമെന്ന് ആര്‍ ടി എ അറിയിച്ചു. പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ 25 വരെയാണ് ആര്‍ ടി എ സമയം അനുവദിച്ചിരിക്കുന്നത്. ഇത് പൂര്‍ത്തിയാവുന്നതോടെ ഇവിടെ നിലവിലുള്ള ആറു വരി പാത ഇതു വഴി തിരിച്ചു വിടും.
അബുദാബി ദിശയിലാണ് സമാന്തര പാത നിര്‍മിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 20നായിരുന്നു ആരംഭിച്ചത്. ഒക്ടോബര്‍ 25 മുതല്‍ ശൈഖ് സായിദ് റോഡില്‍ കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചുവിടുമെന്ന് ജുലൈയില്‍ ആര്‍ ടി എ വ്യക്തമാക്കിയിരുന്നു.
പദ്ധതിയുടെ ഭാഗമായി സഫ പാര്‍ക്ക് മേഖലയിലെ വിഭജനം പുര്‍ത്തിയായതായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആര്‍ ടി എ വെളിപ്പെടുത്തിയിരുന്നു. മൂന്നു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ദുബൈ കനാല്‍ പദ്ധതിക്കായി 170 കോടി ദിര്‍ഹത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഷോപ്പിംഗ് സെന്ററും നാലു ഹോട്ടലുകളും 450 റസ്‌റ്റോറന്റുകളും ആഡംബര വീടുകളും സൈക്കിള്‍ സവാരിക്കുള്ള പാതയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതു ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒപ്പം സ്വകാര്യ ബോട്ടുകള്‍ക്ക് നങ്കൂരമിടാനുമായി പദ്ധതിയുടെ ഭാഗമായി 80,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മാറ്റിവെച്ചിരിക്കുന്നത്. കനാലിന്റെ കവാടത്തില്‍ പുതിയ ട്രേഡ് സെന്ററും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ദുബൈയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കനാല്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ബര്‍ദുബൈ മേഖല ദീപായി രൂപാന്തരപ്പെടുമെന്നാണ് ആര്‍ ടി എ വ്യക്തമാക്കിയിരിക്കുന്നത്.