മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സീറ്റ് ധാരണയായി

Posted on: September 23, 2014 2:14 pm | Last updated: September 23, 2014 at 10:04 pm
SHARE

bjp-shivsenaമുംബൈ: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സീറ്റ് വിഭജന തര്‍ക്കത്തിന് പരിഹാരമായി. ബിജെപിയുടെ 130 സീറ്റെന്ന ആവശ്യം ശിവസേന അംഗീകരിച്ചു. ശിവസേന 151 സീറ്റില്‍ മത്സരിക്കും. ഇതോടെ സഖ്യത്തിലെ ചെറുകക്ഷികളുടെ സീറ്റ് 18ല്‍ നിന്ന് ഏഴായി കുറയും.

എന്നാല്‍ സഖ്യം അധികാരത്തിലെത്തിയാല്‍ ശിവസേന മേധാവി ഉദ്ധവ് താക്കറെ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ശിവസേന ബിജെപിയെ അറിയിച്ചിട്ടുണ്ട്. ബിജെപിയും ശിവസേനയും ഒന്നിച്ച് മത്സരിക്കുമെന്ന് ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ അറിയിച്ചു. മുംബൈയിലെ ദാദറില്‍ നടന്ന ഇരു കക്ഷികളുടേയും നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
സീറ്റ് വിഭജന കാര്യത്തില്‍ മുന്‍ നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന് ഉദ്ധവ് താക്കറെയോട് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. നിലപാടുകള്‍ പുനഃപരിശോധിക്കണമെന്നും മഹാരാഷ്ട്രയിലെ സഖ്യം തകരാന്‍ പാടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. സഖ്യം നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ 119 സീറ്റുകള്‍ ബി ജെ പിക്ക് നല്‍കുമെന്നും 151 സീറ്റുകളില്‍ ശിവസേന മത്സരിക്കുമെന്നുമായിരുന്നു ഉദ്ധവ് ഞായറാഴ്ച അറിയിച്ചിരുന്നത്. ശേഷിക്കുന്ന സീറ്റുകള്‍ മഹാസഖ്യത്തിലെ മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കാമെന്നായിരുന്നു ശിവസേനയുടെ നിലപാട്. അമിത് ഷായുമായി സംസാരിച്ചതിനു പിന്നാലെ 126 സീറ്റ് ബി ജെ പിക്ക് നല്‍കാമെന്ന് അറിയിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. എന്നാല്‍ 130 സീറ്റെന്ന ആവശ്യത്തില്‍ ബി ജെ പി ഉറച്ചുനിന്നു. ഇതോടെ സഖ്യം തകരാതിരിക്കാന്‍ ശിവസേന വഴങ്ങുകയായിരുന്നു. നേരത്തെ 135 സീറ്റ് വേണമെന്നായിരുന്നു ബി ജെ പിയുടെ നിലപാട്.