മാവോയിസ്റ്റ് നേതാവിന്റെ വീഡിയോ; അന്വേഷണം തുടങ്ങി

Posted on: September 23, 2014 11:51 am | Last updated: September 23, 2014 at 10:03 pm
SHARE

maoiകോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ വീഡിയോ പുറത്തുവന്നതോടെ രൂപേഷിനെത്തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗവും മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡുമാണ് അന്വേഷണം ആരംഭിച്ചത്. ഐ ബിയും റോയുമടക്കമുള്ളവരും അന്വേഷണത്തില്‍ പങ്കാളിയാകും. രൂപേഷിന്റെ ഇപ്പോഴത്തെ മുഖം മനസ്സിലാക്കാനും ഒളിത്താവളം മനസ്സിലാക്കാനുമാണ് ശ്രമിക്കുന്നത്. വീഡിയോ എവിടുന്ന് ചീത്രീകരിച്ചു എന്നതാണ് പ്രാഥമികമായി അന്വേഷിക്കുന്നത്.
വര്‍ഷങ്ങളായി പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവാണ് രൂപേഷ്. ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെയാണ് രൂപേഷിന്റെ വീഡിയോ അഭിമുഖം സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ പേരില്‍ പുറത്തുവിട്ടത്. സംഘടനയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടത്. 44 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സായുധ വിപ്ലവത്തിന് രൂപേഷ് ആഹ്വാനം ചെയ്യുന്നുണ്ട്. രൂപേഷിന്റെ മുഖം മറച്ചുവച്ച രീതിയിലാണ്. വനത്തിനുള്ളില്‍ അരുവിയുള്ള സ്ഥലത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.