തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രാജിവച്ചേക്കും

Posted on: September 23, 2014 11:26 am | Last updated: September 23, 2014 at 10:03 pm
SHARE

jayalalitha1ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അടുത്ത ആഴ്ച വിധിവന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. അടുത്ത ശനിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ജയലളിത കോടതിയില്‍ ഹാജരാകണം. അതിന് മുന്നോടിയായി ഇന്ന് മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ രാജിവയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ഇതിനു ശേഷമായിരിക്കും രാജി പ്രഖ്യാപനം.
മുഖ്യമന്ത്രി എന്ന നിലയില്‍ കോടതിയില്‍ ഹാജരാകുന്നതിനേക്കാള്‍ നല്ലത് സ്ഥാനം രാജിവച്ച് ഹാജരാകുന്നതാണെന്നാണ് ജയലളിത കരുതുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്ന് ജയലളിത കരുതുന്നതായാണ് എഐഎഡിഎംകെ വൃത്തങ്ങളില്‍ നിന്നുള്ള സൂചന. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാകുമെന്ന് കരുതുന്നവരും പാര്‍ട്ടിക്കകത്തുണ്ട്. നേരത്തെ 2011 നവംബറില്‍ മുഖ്യമന്ത്രിയായിരിക്കെ ജയലളിത കോടതിയില്‍ ഹാജരായിരുന്നു.
1991നും 96നും ഇടയില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ബംഗളുരുവിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.