Connect with us

Wayanad

ജില്ലയില്‍ പുതിയ ജയില്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി

Published

|

Last Updated

മാനന്തവാടി: ജില്ലയില്‍ പുതിയ ജയില്‍ സ്ഥാപിക്കാന്‍ ജയില്‍ വകുപ്പ് നടപടി തുടങ്ങി. ജയില്‍ ഇല്ലാത്ത ബത്തേരി താലൂക്കിലാണ് പുതിയ ജയില്‍ സ്ഥാപിക്കുക.
ഇതിന്റെ ഭാഗമായി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ജയില്‍ ഡിഐജി ശിവദാസ് കെ തൈപ്പറമ്പിലിന്റേയും നേതൃത്വത്തില്‍ വനം, റവന്യൂ ഉദ്യോഗസ്ഥര്‍ പുല്‍പ്പള്ളി ഇരുളം മരിയനാട് കാപ്പിത്തോട്ടം സന്ദര്‍ശിച്ചു. ഈ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര വകുപ്പിന് കൈമാറും.ജില്ലയില്‍ വൈത്തിരി താലൂക്കിലും മാനന്തവാടിയിലുമാണ് ജയിലുകളുള്ളത്.2008ല്‍ ആണ് പുതിയ കെട്ടിടത്തില്‍ മാനന്തവാടിയില്‍ ജയില്‍ ആരംഭിച്ചത്. ഒരു വര്‍ഷം മുമ്പ് ഇതിനെ ജില്ലാ ജയിലായി ഉയര്‍ത്തിയിരുന്നു.ബ്രിട്ടീഷ് കാരുടെ കാലത്താണ് വൈത്തിരിയില്‍ ജയില്‍ ആരംഭിച്ചത്.
എട്ട് പുരുഷന്‍മാരേയും അഞ്ച് വനിതകളേയും പാര്‍പ്പിക്കുവാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്.എന്നാല്‍ ഇവിടെ85 പേരെയാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 ഓളം പേരെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
മാനന്തവാടിയില്‍ 85 പേരെ പാര്‍പ്പിക്കേണ്ട സ്ഥാനത്ത് 122 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതാണ് പുതിയ ജയില്‍ സ്ഥാപിക്കാന്‍ ജയില്‍ വകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്. വര്‍ഷത്തിലധികം ശിക്ഷ ലഭിക്കുന്നവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ കണ്ണൂരില്‍ തടവില്‍ പാര്‍പ്പിക്കുന്നത് മൂലം ബന്ധുക്കള്‍ക്ക് കാണുവാന്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. സാമ്പത്തീക പ്രയാസം അനുഭവിക്കുന്നതിനാലും ദൂരവും നിമിത്തം ആദിവസികള്‍ക്ക് ജയിലില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണ്.
പുതുതായി ആരംഭിക്കുന്ന ജയില്‍ സ്‌പെഷ്യല്‍ ജയില്‍ ആയി സ്ഥാപിച്ചാല്‍ ഇത്തരം തടവുകാരെ ജില്ലയില്‍ തന്നെ പാര്‍പ്പിക്കുവാന്‍ കഴിയും ഇത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ഏറെ ഗുണം ചെയ്യുക.