പോരൂരിലെ ലീഗ് -കോണ്‍ഗ്രസ് ഭിന്നത; പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

Posted on: September 23, 2014 10:15 am | Last updated: September 23, 2014 at 10:15 am
SHARE

LEAGUE-CONGRESS copyവണ്ടൂര്‍: മുസ്‌ലിംലീഗ്- കോണ്‍ഗ്രസ് ഭിന്നത രൂക്ഷമായ പോരൂരില്‍ നിലവിലെ പ്രസിഡന്റും കോണ്‍ഗ്രസ് അംഗവുമായ എന്‍ എം ശങ്കരന്‍ നമ്പൂതിരി രാജിവെച്ചു. മുസ്‌ലിംലീഗ് പിന്തുണ പിന്‍വലിച്ചതും തുടര്‍ന്ന് സി പി എം അവിശ്വാസം കൊണ്ടുവരാന്‍ കത്ത് നല്‍കിയതിന്റെയും പശ്ചാത്തലത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് രാജിവെച്ചതെന്ന് എന്‍ എം ശങ്കരന്‍ നമ്പൂതിരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ വൈകീട്ട് നാലിന് ചെറുകോടുള്ള കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും പ്രവര്‍ത്തകരോടൊപ്പമെത്തിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ഈ മാസം 26ന് അവിശ്വാസപ്രമേയത്തിലുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് രാജിവെച്ചൊഴിഞ്ഞത്. മുസ്‌ലിംലീഗിലെ എം സീനത്താണ് നിലവിലെ വൈസ് പ്രസിഡന്റ്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ ഇവരാണ് പ്രസിഡന്റ് പദവിയിലിരിക്കുക. പുതിയ പ്രസിഡന്റ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. ഗ്രാമപഞ്ചായത്തില്‍ അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗിന് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് മുസ്‌ലിംലീഗ് ഇവിടെ യുഡിഎഫില്‍ നിന്നും വേര്‍പിരിഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ പാലിക്കണമെന്നായിരുന്നു മുസ്‌ലിംലീഗിന്റെ ആവശ്യം. എന്നാല്‍ ഇത്തരമൊരു ധാരണ ഉണ്ടാക്കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയത്.
നാല് വര്‍ഷത്തോളം കൂടെ നിന്ന് സഹകരിച്ച മുസ്‌ലിംലീഗ് അവസാന വര്‍ഷം പിന്തുണ പിന്‍വലിച്ചതില്‍ ഖേദമുണ്ടെന്ന് പ്രസിഡന്റ് പദവി രാജിവെച്ചൊഴിഞ്ഞ എന്‍ എം ശങ്കരന്‍ നമ്പൂതിരി പറഞ്ഞു. പഞ്ചായത്തിന്റെ ആധുനീകരിക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനങ്ങളായ റോഡ്, വൈദ്യുതി, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഏറെ സംഭാവനകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. നിരവധി റോഡുകള്‍ ഗതാഗത യോഗ്യമാക്കാനും പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനും തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കെ പി സി സി അംഗം പി വാസുദേവന്‍, ഡി സി സി മെമ്പര്‍ കെ അലവിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി അബ്ബാസലി, കെ കെ വിജയരാജന്‍, വി ശിവശങ്കരന്‍, എം ടി എ കരീം സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here