നാദാപുരത്ത് തുണിക്കട കത്തിനശിച്ചു

Posted on: September 23, 2014 10:04 am | Last updated: September 23, 2014 at 10:04 am
SHARE

fireനാദാപുരം: ബസ് സ്റ്റാന്‍ഡിനടുത്തുള്ള ന്യൂ അല്‍ഷാന്‍ വെഡ്ഡിങ്ങ് വസ്ത്രാലയം കത്തിനശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ച അഞ്ച് മണിയോടെയാണ് സംഭവം. കണ്‍ട്രോള്‍ റൂം പോലീസും ചേലക്കാട് സ്റ്റേഷന്‍ ഓഫീസര്‍ ഷാജഹാന്‍, വടകര സ്‌റ്റേഷന്‍ ഓഫീസര്‍ സത്യവത്സലന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് യൂനിറ്റ് സേനയുമെത്തി മൂന്നര മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രിച്ചത്.
രണ്ട് നിലകളിലായി പത്ത് മുറികളില്‍ സൂക്ഷിച്ച വസ്ത്രങ്ങളാണ് കത്തിനശിച്ചത്. എ സി, ജനറേറ്റര്‍, കംപ്യൂട്ടറുകള്‍, ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെ അഗ്നിക്കിരയായി.
വടകര സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി.വി പി സുരേന്ദ്രന്‍, കണ്‍ട്രോള്‍ റൂം ഡി വൈ എസ് പി. എം കെ ഗോപാലകൃഷ്ണന്‍, സി ഐ. എ എസ് സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട് നിന്നെത്തിയ സയന്റിഫിക്ക് അസിസ്റ്റന്റ് കെ കെ രമ്യ തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
നാദാപുരത്തെ താഴെ കൊയിലോത്ത് കുഞ്ഞമ്മദ്, സി പി അബ്ദുല്‍ നാസര്‍, ഇസ്മാഈല്‍, പി കെ മഹമൂദ്, പി കെ അയൂബ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തുണിക്കട. കട കത്തിച്ചതാണെന്നാരോപിച്ച് വ്യാപാരികള്‍ ടൗണില്‍ ഉച്ച വരെ ഹര്‍ത്താലാചരിച്ചു.