Connect with us

Kozhikode

ആറംഗ കവര്‍ച്ചാ സംഘം അറസ്റ്റില്‍

Published

|

Last Updated

താമരശ്ശേരി: നിരവധി മോഷണ ക്കേസുകളിലെ പ്രതികള്‍ ഉള്‍പ്പെടെ ആറംഗ സംഘത്തെ താമരശ്ശേരി സി ഐ. എം ഡി സുനിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ വലയിലായത്. കാക്കവയല്‍ നേരാങ്കാട്ടില്‍ റഫീഖ് (തൊരപ്പന്‍ റഫീഖ് 34), പനങ്ങാട് കൊട്ടാരമുക്ക് കുഴിതളത്തില്‍ ഉണ്ണികൃഷ്ണന്‍(48), പുതുപ്പാടി പെരുമ്പള്ളി നെരൂക്കുംചാല്‍ അപ്പുറത്തുപൊയില്‍ ലൈജു(27), നന്‍മണ്ട പടിയേക്കണ്ടി അബ്ദുല്‍ റസാഖ്(46), ചമല്‍ കാരപറ്റപുറായില്‍ സാദിഖ്(24), ഇവരുടെ മൊഴിപ്രകാരം ചമല്‍ ചുണ്ടേന്‍കുഴി സ്വദേശിയും ബസ് കണ്ടക്ടറുമായ മുനീര്‍ എന്നിവരാണ് അറസ്റ്റിലായത്.
സംശയാസ്പദ സാഹചര്യത്തില്‍ കാറില്‍ സഞ്ചരിച്ച അഞ്ചംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘത്തലവനായ റഫീഖ് 18 മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട്, മഞ്ചേരി, തൊട്ടില്‍പാലം, പെരുവണ്ണാമൂഴി, കൊയിലാണ്ടി, ബാലുശ്ശേരി, കാക്കൂര്‍, താമരശ്ശേരി, മുക്കം, കോടഞ്ചേരി, തിരുവമ്പാടി, കൊടുവള്ളി സ്റ്റേഷനുകളിലാണ് റഫീഖിനെതിരെ കേസ് നിലവിലുള്ളത്. ഉണ്ണികൃഷ്ണന്‍ എട്ട് മോഷണക്കേസുകളിലും ലൈജുവും അബ്ദുല്‍ റസാഖും അഞ്ച് കേസുകളിലും പ്രതികളാണ്.
താമരശ്ശേരി പയോണ, കോടഞ്ചേരി കണ്ണോത്ത്, പേരാമ്പ്ര, മടവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നതായി ഇവര്‍ സമ്മതിച്ചു. ബാലുശ്ശേരിയില്‍ നിന്നും മോഷ്ടിച്ച 26 പവനും അമ്പലവയലില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും വില്‍പ്പന നടത്തിയത് തൊരപ്പന്‍ റഫീക്കാണെന്നും മൊഴി നല്‍കി. കാര്‍ വാടകക്കെടുത്ത് പകല്‍ സമയത്ത് ആളില്ലാത്ത വീട് കണ്ടെത്തി രാത്രിയില്‍ മോഷണം നടത്തും. മോഷണത്തിനുപയോഗിച്ച രണ്ട് കാറുകള്‍ കസ്റ്റഡിയിലെടുത്തു. താമരശ്ശേരി പയോണയിലെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണം വില്‍പ്പന നടത്തിയ കടയില്‍ നിന്ന് കണ്ടെടുത്തു. രണ്ട് കാറും ഒരു ഓട്ടോറിക്ഷയും പിടികൂടാനുണ്ട്.
താമരശ്ശേരി കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന താമരശ്ശേരി സി ഐ. എം ഡി സുനില്‍ പറഞ്ഞു. സീനിയര്‍ സി പി ഒമാരായ സുരേഷ്, എന്‍ കെ മോഹന്‍ദാസ്, ഹരിദാസന്‍, പി കെ മോഹന്‍ദാസ്, ജയപ്രകാശന്‍, ബോബി ആന്‍ഡ്രൂസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Latest