ബാലികക്ക് അറസ്റ്റ് വാറണ്ട്: മാതാവ് ശിശു അവകാശ കമ്മീഷന് പരാതി നല്‍കി

Posted on: September 23, 2014 10:00 am | Last updated: September 23, 2014 at 10:00 am
SHARE

കോഴിക്കോട്: ബാലികയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട ജഡ്ജിക്കും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന എസ് ഐക്കും ഉത്തരവ് സമ്പാദിച്ച പിതാവിനുമെതിരെ കുട്ടിയുടെ മാതാവ് ശിശു അവകാശ കമ്മീഷന് പരാതി നല്‍കി. കോഴിക്കോട് കുടുംബ കോടതി ജഡ്ജി പി ഡി സോമന്‍, കൊടുവള്ളി സബ് ഇന്‍സ്‌പെക്ടര്‍ ഒ ജെ ജോസഫ്, കുട്ടിയുടെ പിതാവ് മുല്ലശ്ശേരി വീട്ടില്‍ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് ആറ് വയസ്സുകാരിയുടെ മാതാവ് ഫാത്വിമത്ത് ഷബ്‌ന പരാതി നല്‍കിയത്.
കുടുംബ വഴക്കിനെത്തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം ഫാത്വിമത്തിന്റെ സംരക്ഷണത്തിലായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. കുടുംബ കോടതി ഉത്തരവ് പ്രകാരം ഫൈസലിന് ഇടക്ക് കുട്ടിയെ കോടതിയില്‍ വെച്ചും മറ്റും കാണാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പിതാവും ബന്ധുക്കളും ബലംപ്രയോഗിച്ച് കൊണ്ടുപോയി കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഫാത്വിമ മനഃശാസ്ത്ര വിദഗ്ധയുടെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിനിടെയാണ് ഫൈസലിന്റെ ഹരജിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ ജഡ്ജി വാറണ്ട് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി എസ് ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം തിരച്ചില്‍ നടത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ നസീര്‍ ചാലിയത്തിന് ഫാത്വിമത്ത് പരാതി നല്‍കിയത്.