സിറിയയിലെ ഇസില്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം

Posted on: September 23, 2014 9:35 am | Last updated: September 23, 2014 at 10:03 pm
SHARE

syriaവാഷിങ്ടണ്‍: സിറിയയില്‍ ഐ എസ് തീവ്രവാദികളെ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം ആരംഭിച്ചു. സിറിയയിലെ റഖയിലാണ് ആക്രമണം നടത്തിയത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ അമേരിക്കയും അറബ് രാഷ്ട്രങ്ങളും സഖ്യം രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ ആക്രമണമാണിത്.
സിറിയയില്‍ വ്യോമാക്രമണം നടത്തിയതായി പെന്റഗണ്‍ വക്താവ് സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങളും ടോമോഹാക്ക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ബഹ്‌റൈന്‍, സഊദി അറേബ്യ, ഖത്തര്‍, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ആക്രമണവുമായി സഹകരിക്കുന്നുണ്ടെന്നും അമേരിക്ക അറിയിച്ചു. എന്നാല്‍ ഈ രാജ്യങ്ങള്‍ ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇറാഖിലും സിറിയയിലും തീവ്രവാദികള്‍ ശക്തിപ്രാപിച്ചു വരുന്ന ഘട്ടത്തിലാണ് അമേരിക്ക അറബ് രാഷ്ട്രങ്ങളുമായി ചേര്‍ന്ന് തീവ്രവാദകള്‍ക്കെതിരെ സഖ്യം രൂപീകരിച്ചത്. മാധ്യമ പ്രവര്‍ത്തകരേയും സന്നദ്ധ സേവകരേയും തീവ്രവാദികള്‍ വധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇറാഖില്‍ ഇസില്‍ തീവ്രവാദികളുടെ സാന്നിദ്ധ്യമുള്ളിടത്ത് അമേരിക്ക നേരത്തെ ആക്രമണം നടത്തിയിരുന്നു. ഇറാഖിനു പുറമേ ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ സാന്നിദ്ധ്യമുള്ളിടത്തെല്ലാം ആക്രമണം വ്യാപിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിരുന്നു.