Connect with us

Gulf

കല്ലേറ് കര്‍മം: സമയക്രമം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം

Published

|

Last Updated

മക്ക: കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് തീര്‍ഥാടകരെ സംഘങ്ങളും ഗ്രൂപ്പുകളുമായി തിരിച്ച് ജംറയിലെത്തിക്കുന്നതിന് നിശ്ചയിച്ച സമയക്രമം ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ കണിശമായി പാലിക്കണമെന്ന് ഹജ്ജ് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.
ജംറയില്‍ അനിയന്ത്രിതമായ തിക്കും തിരക്കും അനുഭവപ്പെടാതെ നോക്കുന്നതിന് ദുല്‍ഹജ്ജ് പത്ത് മുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് ഓരോ ഹജ്ജ് സര്‍വീസ് സ്ഥാപനത്തിനും കീഴിലുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് മന്ത്രാലയം പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. പ്രത്യേകം നിശ്ചയിച്ച സമയത്തല്ലാതെ തീര്‍ഥാടകരെ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് ജംറയിലേക്ക് പോകാന്‍ അനുവദിക്കില്ല.
ലഗേജുകളും വില്‍ചെയറുകളും കുട്ടികളെയും വൃദ്ധന്മാരെയും വഹിക്കാന്‍ തീര്‍ഥാടകരെ അനുവദിക്കരുതെന്നും എസ്റ്റാബ്ലിഷ്‌മെന്റ് ആവശ്യപ്പെട്ടു.
ജംറയിലേക്ക് തീര്‍ഥാടകരെ സംഘങ്ങളായി അയക്കുന്നതിന്റെ ചുമതലയുള്ള ജീവനക്കാര്‍ക്ക്, അറബേതര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് കഴിഞ്ഞ ദിവസം പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹജ്ജ് മന്ത്രാലയം നിശ്ചയിച്ച സമയക്രമത്തിനനുസരിച്ച് കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് തീര്‍ഥാടകരെ സഹായിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് സൈഫുദ്ദീന്‍ പറഞ്ഞു.
ഫീല്‍ഡ് ഗൈഡുമാരുടെയും വിദേശ ഹജ്ജ് മിഷന്‍ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് തീര്‍ഥാടകരെ സംഘങ്ങളായി ജംറയിലേക്ക് നയിക്കേണ്ടതെന്ന് ജംറ കമ്മിറ്റി ഡെപ്യൂട്ടി സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. മുഹമ്മദ് സംസമി പറഞ്ഞു. ഓരോ ഗ്രൂപ്പിലും സംഘത്തിലുമുള്ളവരെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിന് സഹായിക്കുന്ന പ്രത്യേക അടയാളങ്ങള്‍ തീര്‍ഥാടകര്‍ക്ക് നേതൃത്വം നല്‍കുന്ന ഫീല്‍ഡ് ഗൈഡുമാരുടെയും ഹജ്ജ് മിഷന്‍ പ്രതിനിധികളുടെയും പക്കലുണ്ടായിരിക്കണം.
ഒരു ഗ്രൂപ്പിലെ തീര്‍ഥാടകരുടെ എണ്ണം 250ല്‍ കൂടാന്‍ പാടില്ല. ഹജ്ജ് മന്ത്രാലയം നിശ്ചയിച്ചു നല്‍കിയ സമയത്തല്ലാതെ കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിന് തീര്‍ഥാടകര്‍ തിരിക്കാന്‍ പാടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest