Connect with us

International

ഐ എസ് ഐ തലവനായി നിയമിതനാകുന്നത് പട്ടാളമേധാവിയുടെ സുഹൃത്ത്

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സൈന്യത്തിന്റെ ഇടപെടല്‍ ശക്തമാക്കി ചാര സംഘടനയായ ഐ എസ് ഐക്ക് പുതിയ മേധാവി. സൈനിക മേധാവിയായ ജനറല്‍ റഹീല്‍ ശരീഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജനറല്‍ റിസ്‌വാന്‍ അക്തറിനെ ഐ എസ് ഐയുടെ പുതിയ മേധാവിയായി നിയമിച്ചു. തെക്കന്‍ വസീറിസ്ഥാനില്‍ നേരത്തേ ജോലി ചെയ്ത സമയത്ത് തീവ്രവാദ നീക്കത്തില്‍ കാണിച്ച ശുഷ്‌കാന്തി കണക്കിലെടുത്താണത്രേ റിസ്‌വാനെ ഐ എസ് ഐ മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചത്. അദ്ദേഹം അടുത്തമാസം സ്ഥാനമേല്‍ക്കും. ആഭ്യന്തര രാഷ്ട്രീയത്തിലും തീവ്രവാദ യുദ്ധത്തിലും വിദേശ നയത്തില്‍ പോലും നിര്‍ണായക സ്ഥാനമുള്ള തസ്തികയാണ് ഐ എസ് ഐ മേധാവിയുടേത്.
പ്രധാനമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് ഐ എസ് ഐ മേധാവിയെങ്കിലും അദ്ദേഹത്തെ സാധാരണഗതിയില്‍ നിയന്ത്രിക്കുന്നത് സൈനിക മേധാവിയാണ്. വസീറിസ്ഥാന് മുമ്പ് വടക്ക് കിഴക്കന്‍ സിന്ധ് പ്രവിശ്യയിലെ അര്‍ധ സൈനിക വിഭാഗമായ റേഞ്ചേഴേ്‌സിന്റെ മേധാവിയായിരുന്നു റിസ്‌വാന്‍. കറാച്ചിയിലെ ക്രിമിനല്‍ ഗാംഗുകളെ അമര്‍ച്ച ചെയ്യുന്നതില്‍ അദ്ദേഹം ശക്തമായ പങ്ക് വഹിച്ചിരുന്നു.
പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ട് തഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി മേധാവി ഇമ്രാന്‍ ഖാനും കനേഡിയന്‍ പൗരത്വമുള്ള പണ്ഡിതന്‍ താഹിറുല്‍ ഖാദിരിയും ശക്തമായ പ്രക്ഷോഭം നടത്തുകയും പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ദുര്‍ബലമാകുകയും ചെയ്ത ഘട്ടത്തിലാണ് ഐ എസ് ഐക്ക് പുതിയ മേധാവി വരുന്നതെന്നത് ശ്രദ്ധേയമാണ്. ഐ എസ് ഐയും സൈന്യവും പ്രത്യക്ഷത്തില്‍ സര്‍ക്കാറിന്റെ കൂടെ നില്‍ക്കുന്നുണ്ടെങ്കിലും നവാസ് ശരീഫിനെതിരെ ഉള്ളിലൂടെ കരുക്കള്‍ നീക്കുന്നുണ്ടെന്ന് ഭരണ കക്ഷിയിലെ ചില ഉന്നതര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ ഐ എസ് ഐ മേധാവി ജനറല്‍ സാഹിറുല്‍ ഇസ്‌ലാം, ശരീഫിനെ പുറത്താക്കാന്‍ നീക്കം നടത്തിയിരുന്നുവെന്നത് നാട്ടില്‍ പാട്ടായ രഹസ്യമാണ്. പുതിയ മേധാവി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്.

Latest