വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

Posted on: September 23, 2014 12:16 am | Last updated: September 23, 2014 at 12:16 am
SHARE

CHILD RAPE NEWപാലക്കാട്: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. അധ്യാപകരും പോലീസുകാരുമുള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതികൂട്ടിലാണെന്ന് ദേശീയ ബാല സംരക്ഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തരവകുപ്പിന്റെ കണക്കനുസരിച്ച് ബാല പീഡന നിയമപ്രകാരം 2012ല്‍ ആകെ 1,771 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷമിത് ഇരട്ടിച്ച് 2407 കേസുകളായി. എന്നാല്‍ ഈ വര്‍ഷം മെയ് മാസം വരെ മാത്രം ഇത്തരത്തില്‍ 1079 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് വര്‍ഷത്തിനിടെയുണ്ടായ വര്‍ധനവ് ബാല ലൈംഗിക പീഡനം എന്ന സാമൂഹിക ദുരന്തത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ഇത്തരം കേസുകളില്‍ പ്രതികളാവുന്നതും വര്‍ധിക്കുന്നത് സാമൂഹത്തെ ഞെട്ടലുളവാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 മുതല്‍ 2014 മെയ് വരെ സംസ്ഥാനത്ത് രജിസ്‌ററര്‍ ചെയ്ത ബാല പീഡന കേസുകളില്‍ 63 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പ്രതികളാക്കപ്പെട്ടത്. കേസില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ കൂടുതലും അധ്യാപകരാണെന്നത് സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്നുണ്ട്.
ഇക്കാലയളവില്‍ സംസ്ഥാനത്ത് ആകെ 39 അധ്യാപകര്‍ പ്രതികളാക്കപ്പെട്ടപ്പോള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അധ്യാപകരുള്ളത്. സര്‍ക്കാര്‍ രേഖ പ്രകാരം മലപ്പുറത്ത് നിന്നും 16 അധ്യാപകരും, കോഴിക്കോട് നിന്ന് 10 അധ്യാപകരുമാണ് ബാല ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലും അധ്യാപകര്‍ക്കെതിരെ ബാലപീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.———
ഇക്കാലയളവില്‍ ഹെഡ് കോണ്‍സ്റ്റബിളടക്കം പതിനഞ്ച് പോലീസുകാര്‍ക്കെതിരെയും ബാല പീഡനത്തിന് കേസുണ്ട്. കുട്ടികളുടെ ആശ്രിതര്‍ തന്നെ പ്രതികളായ സംഭവങ്ങളും വര്‍ധിച്ചു വരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെടുന്നവരില്‍ ഏറെയും. ദേശീയ ബാല സംരക്ഷണ കമ്മീഷന്റെ കണക്കുതന്നെയാണ് ലൈംഗിക പീഡനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 2013 മാര്‍ച്ച് മുതല്‍ 2014 മാര്‍ച്ച് വരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം രാജ്യത്ത് ആകെ 400 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 145 പരാതികള്‍ വന്ന കേരളം തന്നെയാണ് ദേശീയ ശരാശരിയിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.