Connect with us

Palakkad

കാട്ടാന ശല്യം: ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് ഉപരോധിച്ചു

Published

|

Last Updated

പാലക്കാട്: കാട്ടാനകളില്‍നിന്ന് തങ്ങളുടെ കൃഷിയും ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് ഉപരോധിച്ചു.ഒലവക്കോട്ടെ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിന് മുന്നില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ഉണ്ണി സമരം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായി നടന്ന ചര്‍ച്ചയില്‍ കര്‍ഷകരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് അനുഭാവത്തോടെ പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കി. മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ, കോങ്ങാട് പ്രദേശങ്ങളില്‍ താവളമടിച്ച ആനകളെ കുങ്കിയാനയെ കൊണ്ടുവന്ന് നാട് കടത്താനുള്ള നടപടി സ്വീകരിക്കും. മുണ്ടൂര്‍ സെന്ററിലും കയ്യറയിലും എലിഫെന്റ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
ആനചവിട്ടിക്കൊന്ന വേലായുധന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം നല്‍കാന്‍ നടപടി എടുക്കും. നഷ്ടം സംഭവിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കി നഷ്ടപരിഹാരം സംബന്ധിച്ച് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സാന്നിധ്യത്തില്‍ ഒക്ടോബറില്‍ യോഗം ചേര്‍ന്നു തീരുമാനമെടുക്കും.
ആന നശിപ്പിക്കുന്ന സ്ഥലംപരിശോധിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ പഞ്ചായത്ത് പ്രസിഡന്റിനെ കൂടി ഉള്‍പ്പെടുത്തും. ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ആഴവും വീതിയും മൂന്ന് മീറ്ററാക്കും. സൗരോര്‍ജവേലികള്‍ സ്ഥാപിച്ച് പഞ്ചായത്തിന്റെ സഹായത്തോടെ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും കണ്‍സര്‍വേറ്റര്‍ ഉറപ്പ് നല്‍കി.
ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വത്സല (അകത്തേത്തറ), ബിന്ദു (പുതുപ്പരിയാരം), ഗീത സതീശ് (മുണ്ടൂര്‍)എന്നിവരും സിപിഐ എം നേതാക്കളായ പി എ ഗോകുല്‍ദാസ്, ജോസ് മാത്യുസ് എന്നിവരും പങ്കെടുത്തു. സമരത്തില്‍ മുണ്ടൂര്‍ ഏരിയ സെക്രട്ടറി ഡി സദാശിവന്‍ അധ്യക്ഷനായി. വി കെ ജയപ്രകാശ്, വി ലക്ഷ്മണന്‍, വി സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു. പി എ ഗോകുല്‍ദാസ് സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest