പട്ടയം ലഭിച്ചില്ല; ചീമേനിയിലെ കുടുംബങ്ങള്‍ പ്രക്ഷോഭത്തിന്

Posted on: September 23, 2014 12:05 am | Last updated: September 23, 2014 at 12:05 am
SHARE

ചെറുവത്തൂര്‍: പട്ടയം നല്‍കുമെന്ന് പറഞ്ഞു കാലങ്ങളായി കബളിപ്പിക്കപെട്ട ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊ രുങ്ങുന്നു. വര്‍ഷങ്ങളേറെയായി കൈവശംവെച്ച് താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ നിര്‍ധന കുടുംബങ്ങള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ഏകദേശം നൂറ്റിഎഴുപതോളം കുടുംബങ്ങളാണ് മാറിമാറി വരുന്ന സര്‍ക്കാറുകളുടെ അവഗണയില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ഇതിന്റെ മുന്നോടിയായി ഇന്നലെ ഇത്തരം കുടുംബങ്ങളുടെ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
ചീമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചുവരുന്ന പാവപ്പെട്ടവര്ക്ക് പട്ടയം നല്കണമെന്ന ആവശ്യം ഉയര്ത്തി നടത്തിയ സമരത്തിന്റെ ഭാഗമായി വിരലിലെണ്ണാവുന്നവരെ പരിഗണിച്ചെങ്കിലും വലിയൊരു വിഭാഗം ഒഴിവാക്കപ്പെട്ടിരുന്നുവെന്നു നേരത്തെ പരാതി ഉണ്ടായിരുന്നു. സീറോലാന്റ് പദ്ധതിപ്രകാരം വിവിധ പ്രദേശങ്ങളില്‍ ചില കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് ഭൂമി വീതം ലഭിച്ചിരുന്നു. എന്നാല്‍ വെറും പാറപ്രദേശമായതിനാല്‍ ഇത് ഇവര്‍ക്ക് ഉപയോഗപ്രദമായില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ എസ് കെ ടി യു, കര്‍ഷകസംഘം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വരുന്ന മുപ്പതിന് ചീമേനി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിട്ടുള്ളത്.
കണ്‍വെന്‍ഷന്‍ പാവല്‍ കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. യു രാഘവന്‍ അധ്യക്ഷത വഹിച്ചു. എം വി കോമന്‍ നമ്പ്യാര്‍, കെ മുരളി, കെ എം ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി യു രാഘവന്‍ (ചെയര്‍.), എന്‍ നാരായണന്‍ (കണ്‍.) എന്നിവരെ തിരെഞ്ഞെടുത്തു.