Connect with us

Kasargod

128 പേരുടെ ലിസ്റ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചു

Published

|

Last Updated

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് 2013 ആഗസ്റ്റില്‍ നടത്തിയ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ നിന്നും തയ്യാറാക്കിയ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത എന്നാല്‍ മാരകരോഗങ്ങള്‍ ബാധിച്ചിട്ടുളള 128 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ഒറ്റത്തവണ സഹായം എത്തിക്കാന്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. 128 പേരുടെ ലിസ്റ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചു. ഇവര്‍ക്ക് സൗജന്യമായി് ചികിത്സ ലഭ്യമാക്കാനും തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പ്പെട്ട നിലവില്‍ ധനസഹായം അനുവദിക്കുകയും ചെയ്തവരില്‍, പണം കൈപ്പറ്റുതിനു മുമ്പ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രസ്തുത തുക അനുവദിക്കുന്നതിനു മരണപ്പെട്ടവരുടെ അനന്തരാവകാശികളുടെ വിവരങ്ങള്‍ ശേഖരിച്ചുവരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിച്ച രോഗികളായിട്ടുളളവര്‍ക്ക് അനുവദിച്ച തുക മാത്രമേ ആ വ്യക്തി മരിച്ചാല്‍ അനന്തരാവകശികള്‍ക്ക് അനുവദിക്കേണ്ടതുളളൂവെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
ചെങ്കള, മധൂര്‍, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍ എന്നീ നാലു പഞ്ചായത്തുകള്‍ക്കുളള കുടിവെളള പദ്ധതിക്കാവശ്യമായ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനു പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധീനതയില്‍ മുളിയാര്‍ വില്ലേജിലെ രണ്ടര ഏക്കര്‍ ഭൂമി കേരള വാട്ടര്‍ അതോറിറ്റിക്ക് വിട്ടു നല്‍കുന്നതിനു സര്‍ക്കാറിലേക്ക് കത്തയച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ എടുത്ത വായ്പയ്ക്കുളള മൊറോട്ടോറിയം കാലാവധി നീട്ടാനുളള നടപടി സ്വീകരിക്കും. സംസ്ഥാന ബാങ്കിംഗ് ഉപദേശക സമിതി യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രത്യേക പരിഗണന നല്‍കുന്ന കാര്യം പരിശോധിക്കും.

 

Latest