Connect with us

Kasargod

11 പഞ്ചായത്തുകള്‍ക്ക് പുറത്തുളള രോഗികളെയും പരിഗണിക്കുന്നു

Published

|

Last Updated

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നേരിട്ട് തളിച്ച ജില്ലയിലെ 11 പഞ്ചായത്തുകളിലെ രോഗികള്‍ക്ക് പുറമെ മറ്റു പഞ്ചായത്തുകളിലും എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചവര്‍ക്ക് ചികിത്സയും സഹായവും എത്തിക്കാനുളള നടപടികളുടെ ഭാഗമായി 11 ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക യോഗം വിളിക്കാന്‍ ജില്ലാതല എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഒക്‌ടോബര്‍ ആറിനകം ചേര്‍ന്ന് രോഗം ബാധിച്ചവര്‍ക്ക് സഹായം ലഭ്യമാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനിക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കൃഷിമന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു.
എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചവരെന്ന് അധിതര്‍ കണ്ടെത്തി തയ്യാറാക്കിയ ലിസ്റ്റില്‍ 4182 പേരാണുളളത്. ഇതില്‍ 447 പേര്‍ 11 പഞ്ചായത്തുകള്‍ക്ക് പുറമെയുളളവരാണ്. ഇവരില്‍ 258 പേര്‍ക്ക് ഇതിനകം സഹായം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ലിസ്റ്റില്‍പ്പെട്ട പലര്‍ക്കും സഹായം ലഭ്യമായിട്ടില്ലെന്ന പരാതിയെ തുടര്‍ന്നാണ് പഞ്ചായത്ത് തലത്തില്‍ യോഗം വിളിച്ച് അര്‍ഹതയ്ക്കനുസരിച്ച് സഹായമെത്തിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.
11 പഞ്ചായത്തുകള്‍ക്ക് പുറമെ ചെങ്കള-86, ദേലംപാടി -20, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി-19, ബേഡഡുക്ക-13, കാസര്‍കോട് മുനിസിപ്പാലിറ്റി-8, കിനാനൂര്‍ കരിന്തളം- 12, കോടോം-ബേളൂര്‍ 90, പളളിക്കര-91, പിലിക്കോട്-28, വെസ്റ്റ് എളേരി-14, ചെറുവത്തൂര്‍-11 മറ്റു 16 പഞ്ചായത്തുകളില്‍ പത്തിന്് താഴെയുമാണ് ലിസ്റ്റിലുളള രോഗികളുടെ എണ്ണം.
എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്ക് മുളിയാര്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിക്കായി ഒക്‌ടോബര്‍ 18ന് രൂപരേഖ തയ്യാറാക്കും. ഒക്‌ടോബര്‍ 20നു ചേരുന്ന ജില്ലാതല എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ പ്രൊജക്ട് അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ദുരിതബാധിതര്‍ക്ക് കാനറാബാങ്ക് അനുവദിച്ച 11 വീടുകളുടെ താക്കോല്‍ദാനം ഒക്‌ടോബര്‍ 11ന് നിര്‍വഹിക്കും.
യോഗത്തില്‍ എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുറസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, അസിസ്റ്റന്റ് കളക്ടര്‍ കെ ജീവന്‍ബാബു, സെല്‍ പ്രോഗ്രാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എ കുശല(ബെളളൂര്‍). ജെ എസ് സോമശേഖര(എണ്‍മകജെ), സി കെ അരവിന്ദാക്ഷന്‍(പുല്ലൂര്‍ പെരിയ), സുപ്രിയ അജിത്കുമാര്‍(പനത്തടി), വി ഭവാനി(മുളിയാര്‍), സുജാത ആര്‍. തന്ത്രി(കാറഡുക്ക), എച്ച് വിഘ്‌നേശ്വര ഭട്ട്(കളളാര്‍), എം ബാലകൃഷ്ണന്‍(കയ്യൂര്‍-ചീമേനി), സെല്‍ അംഗങ്ങളായ പി ഗംഗാധരന്‍ നായര്‍, മാഹിന്‍ കേളോട്ട്, നാരായണന്‍ പേരിയ, ഹരീഷ് ബി നമ്പ്യാര്‍, ബി കുഞ്ഞിരാന്‍ നായര്‍, കെ ബി മുഹമ്മദ്, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.