ജനമൈത്രി പോലീസ്: വനിതാ ബറ്റാലിയന്‍ രൂപവത്കരിക്കും

Posted on: September 23, 2014 12:14 am | Last updated: September 23, 2014 at 12:14 am
SHARE

janamaithri policeതിരുവനന്തപുരം: ജനമൈത്രി പോലീസിന്റെ ഭാഗമായി ബീറ്റ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് അലവന്‍സ് നല്‍കും. സംസ്ഥാനത്ത് പുതിയ വനിതാ പോലീസ് ബറ്റാലിയന്‍ രൂപവത്കരിക്കാനും ഇന്നലെ ചേര്‍ന്ന പോലീസ് ഉന്നതതലയോഗം തീരുമാനിച്ചു. ബറ്റാലിയന്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ് ഐ സെലക്ഷനില്‍ വനിതകള്‍ക്കും പ്രാമുഖ്യം നല്‍കും. 260 വനിതാ പോലീസ് ഉദ്യോഗസ്ഥരെയും 60 വനിതാ എസ് ഐമാരെയും ഉടന്‍ എടുക്കും. പുതിയ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും തുല്യത നല്‍കും.
എല്ലാ ജില്ലകളിലും പോലീസുകാര്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍ തീര്‍പ്പാക്കാന്‍ എസ് പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന് രണ്ട് മേഖലകളിലെ എ ഡി ജി പിമാര്‍ക്കും അധികാരം നല്‍കും. ചില ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ അവിടെ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തും. മറ്റ് ചില തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പോലീസ് നിതാന്ത ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളും പൊലീസുമായുള്ള അകലം കുറയ്ക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം. ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് എന്ന നിലയില്‍ കേരളാ പോലീസിനെ മാറ്റും. ഇതിനായി ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ്‌സ് പോലീസിന്റെയും സേവനം കൂടുതല്‍ കാര്യക്ഷമമാക്കും. ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മാന്യമായിരിക്കണമെന്ന നിര്‍ദ്ദേശം ഡി ജി പി നല്‍കിയിട്ടുണ്ട്. പോലീസിനെതിരെ ഉണ്ടാകുന്ന പരാതികളില്‍ കര്‍ശന നടപടിയുണ്ടാകും. അതേസമയം നിസാര കാര്യങ്ങള്‍ പര്‍വതീകരിച്ച് പോലീസ് സേനയുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടികള്‍ അംഗീകരിക്കില്ല. കൊല്ലം, തൃശൂര്‍ റൂറലില്‍ എ ആര്‍ ക്യാമ്പ് സൗകര്യം വേണമെന്ന ശിപാര്‍ശയും അംഗീകരിച്ചു.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പോലീസിനെ നിയോഗിച്ചിട്ടില്ലെന്നും വാഹന പരിശോധനകളടക്കം നടത്തുമ്പോള്‍ ഡി ജി പി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കി. വാഹന പരിശോധന നടത്തുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അല്ലാതെ സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കാന്‍ വേണ്ടിയല്ല. അതേസമയം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അത് തടയാനും നടപടിയെടുക്കാനും പോലീസിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.