Connect with us

Editorial

പ്രസവമുറിയിലെ സ്വകാര്യത

Published

|

Last Updated

പയ്യന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചുവെന്നത് അത്യന്തം ഗൗരവമേറിയ സംഭവമാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി കണ്ട് തള്ളിക്കളയാനാകില്ല. ഇത്തരം അത്യാചാരങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ ദുഷ്പ്രവണതക്കെതിരെ ഹ്രസ്വ കാലത്തേക്ക് നിലനില്‍ക്കുന്ന ഒരു പ്രതിഷേധ പ്രകടനത്തിനപ്പുറം ആഴത്തിലുള്ള പ്രതിരോധം അനിവാര്യമാണ്. രണ്ട് മാസം മുമ്പ് നടന്ന സിസേറിയന്റെ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്തുവിട്ടതോടെയാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നതായി് പൊതു സമൂഹം അറിയുന്നത്. കാസര്‍കോട് ജില്ലയിലെ യുവതി മൂന്ന് കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ രംഗമാണ് പുറത്ത് വന്നത്. രണ്ട് ഗൈനക്കോളജി ഡോക്ടര്‍മാരും അനസ്തറ്റിസ്റ്റും രണ്ട് ആശുപത്രി ജീവനക്കാരുമാണ് ശസ്ത്രക്രിയാ സമയത്ത് മുറിയിലുണ്ടായിരുന്നത്. എന്നുവെച്ചാല്‍ വേലി തന്നെയാണ് വിള തിന്നിരിക്കുന്നത്. ഒട്ടും ഉത്തരവാദിത്വമില്ലാത്ത, താന്‍ ചെയ്യുന്ന ജോലിയുടെ ഗൗരവത്തക്കുറിച്ചോ മനുഷ്യരുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ ഒരു ബോധവുമില്ലാത്ത ഇത്തരക്കാരെ എത്രയും വേഗം പിരിച്ചുവിടണം. ഇത്തരം ഞരമ്പ് രോഗികള്‍ക്കാകെ താക്കീതാകുന്ന തരത്തില്‍ ഇവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കണം. അതിന് നിയമത്തിലെ ഏറ്റവും കര്‍ശനമായ വ്യവസ്ഥകള്‍ തന്നെ ചുമത്തണം. സംഭവത്തെക്കറുച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് അട്ടത്ത് കിടക്കുന്ന സ്ഥിതിയുണ്ടാകരുത്. ഇപ്പോള്‍ സത്വര പ്രതിഷേധവുമായി രംഗത്തെത്തിയ രാഷ്ട്രീയ, യുവജന സംഘടനകളും പൊതു സമൂഹമാകെയും, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ജാഗ്രത കൂടി കാണിക്കണം.
ഇത്തരം പകര്‍ത്തലുകള്‍ നിരവധി നടക്കുന്നുണ്ട്. അതില്‍ പലതും പുറത്ത് ചര്‍ച്ചയാകുകയോ പരാതിയായി മാറുകയോ നിയമനടപടിക്ക് വിധേയമാകുകയോ ചെയ്യുന്നില്ല. ആശുപത്രിയില്‍ വൈദ്യ സംഘത്തിന് മുന്നില്‍ മനുഷ്യര്‍ പരിശോധനകള്‍ക്ക് നഗ്നരാകാന്‍ നിര്‍ബന്ധിതരാകാറുണ്ട്. രോഗപീഡയാല്‍ പിടയുന്ന ഈ മനുഷ്യരുടെ സ്വകാര്യത കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കും അവരുടെ സഹായികള്‍ക്കുമുണ്ട്. ആ ഉത്തരവാദിത്വം അവര്‍ നിര്‍വഹിച്ചില്ലെങ്കില്‍ പിന്നെ അവര്‍ ആ ജോലിയിലിരിക്കാന്‍ പാടില്ല. രോഗവും മരണവും പ്രസവവുമെല്ലാം ദൃശ്യങ്ങളാക്കി ആഘോഷിക്കാനുള്ള ചീഞ്ഞളിഞ്ഞ മാനസികാവസ്ഥയിലേക്ക് സമൂഹത്തിലെ ചിലരെങ്കിലും അധഃപതിച്ചിരിക്കുന്നു. തന്റെ പ്രസവരംഗം സിനിമക്ക് ചിത്രീകരിക്കാന്‍ ഒരു നടി അനുവാദം നല്‍കിയപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവരെ ന്യായീകരിച്ചുവല്ലോ. പയ്യന്നൂര്‍ പോലുള്ള നിരവധി സംഭവങ്ങള്‍ക്ക് ആ നടിയുടെ “മാതൃപ്രഖ്യാപനം” പ്രചോദനമായി എന്നത് ആരും കാണാതെ പോകുന്നു.
വല്ലാത്തൊരു പ്രതിസന്ധിയാണ് ഇത്. ഒളിഞ്ഞുനോട്ടവും ഒളിപകര്‍ത്തലുകളും ശീലമാക്കിയ, അത്തരം കാഴ്ചകള്‍ മൊബൈലിന്റെ രഹസ്യ അറകളില്‍ കൊണ്ടുനടക്കുന്ന, ദൃശ്യങ്ങള്‍ പങ്ക് വെച്ച് ആനന്ദിക്കുന്ന ഒരു സമാന്തര സമൂഹം വളര്‍ന്നുകഴിഞ്ഞുവെന്ന യാഥാര്‍ഥ്യത്തെ നാം എങ്ങനെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്? കാലം ഏല്‍പ്പിക്കുന്ന സ്വാഭാവികമായ ജീര്‍ണതയായി തള്ളിക്കളയാമോ? ഈ ദുഷിപ്പുകള്‍ക്കെതിരെ സംസാരിക്കുന്നവരെ ഓള്‍ഡ് ജനറേഷനെന്ന് വിളിച്ച് അധിക്ഷേപിക്കണമോ? അതോ കര്‍ശനമായ നിയമങ്ങളിലൂടെ, നിതാന്തമായ ജാഗ്രതയിലൂടെ, കൃത്യമായ ബോധവത്കരണത്തിലൂടെ, മതപരമായ ഉണര്‍ത്തലുകളിലൂടെ ഈ വിപത്തില്‍ നിന്ന് കര കയറണമോ? ഈ സമൂഹത്തിന്റെ നിലനില്‍പ്പ് നിര്‍ണയിക്കുന്ന ചോദ്യങ്ങളാണ് ഇവ.
സാങ്കേതികമായ പുരോഗതിയിലും ശാസ്ത്രീയ മുന്നേറ്റങ്ങള്‍ കരഗതമാക്കുന്നതിലും ഏറെ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയില്‍ മാത്രമല്ല, സാങ്കേതിക സാക്ഷരതയിലും വിവര വിനിമയ സാക്ഷരതയിലും ഈ സമൂഹം ബഹുദൂരം മുന്നിലാണ്. ഏത് പുതിയ സാങ്കേതിക വികാസവും ഒട്ടും വൈകാതെ ഇവിടെയെത്തുന്നു. ആഗോള ഉപഭോഗ പ്രവണതകളുമായി ഏത് നിലക്കും ചേര്‍ന്നുപോകുന്നുണ്ട് നമ്മള്‍. ഏറ്റവും പുതിയ വാഹനങ്ങള്‍ നമ്മുടെ നിരത്തിലുണ്ട്. ഏറ്റവും പുതിയ പാര്‍പ്പിട സങ്കേതങ്ങളില്‍ നമ്മള്‍ താമസിക്കുന്നു. അറേബ്യയിലും ചൈനയിലുമുള്ള ഭക്ഷണ രീതികള്‍ പരീക്ഷിക്കുന്നു. അത്യന്താധുനിക ചികിത്സാ രീതികള്‍ ഇവിടെ ലഭ്യമാണ്. ഇവയെല്ലാം മനുഷ്യവിഭവ വികസനത്തിന്റെ സൂചകങ്ങളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ശരിയാണ്, ആധുനികവത്കരണം മുന്നോട്ടുള്ള ചുവടുകള്‍ തന്നെയാണ്. പക്ഷേ, സാങ്കേതിക വികാസത്തോടൊപ്പം ലോകത്താകെ നിലനില്‍ക്കുന്ന വൈരുധ്യം അതിന്റെ ഏറ്റവും ഭീകരമായ നിലയില്‍ കേരളത്തില്‍ വാ പിളര്‍ത്തി നില്‍ക്കുന്നുവെന്ന വസ്തുത കാണാതിരിക്കാനാകില്ല. ഭൗതികമായി മുന്നേറുന്ന ലോകം അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നുവെന്നതാണ് ആ വൈരുധ്യം. താന്‍ ആര്‍ജിച്ചെടുത്ത സാങ്കേതിക മുന്നേറ്റങ്ങള്‍ ഉത്തരവാദിത്വപൂര്‍വം ഉപയോഗിക്കാന്‍ മനുഷ്യന് സാധിക്കാതെ പോകുന്നു. മനുഷ്യന്‍ എന്ന നിലയിലുള്ള ഔന്നത്യവും മൂല്യ ബോധവും അസ്തമിക്കുമ്പോള്‍ ടെക്‌നോളജി നല്‍കുന്ന സൗകര്യങ്ങള്‍ എങ്ങനെ മനുഷ്യത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വിശകലനം ചെയ്യാന്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, ഐ ടി സങ്കേതങ്ങളുടെ പ്രയോഗം മാത്രം കണക്കിലെടുത്താല്‍ മതി.
അതുകൊണ്ട് മൊബൈല്‍ സാങ്കേതിക വിദ്യയുടെ മാന്യമായ ഉപയോഗം മലയാളി പരിശീലിക്കട്ടെ. ഈ ദിശയില്‍ പുതിയ ക്യാമ്പയിന്‍ വളര്‍ന്നു വരട്ടെ.

Latest