തെറ്റായ വിശേഷണം; ശൈഖ് മുഹമ്മദ് വിമര്‍ശിച്ചു

Posted on: September 22, 2014 7:00 pm | Last updated: September 22, 2014 at 7:36 pm
SHARE

ദുബൈ: ദുബൈയെ നോക്കി ഒരിക്കല്‍ കൂടി ഭാഗ്യം ചിരിച്ചുവെന്ന വിശേഷണത്തില്‍ ഒരു വിദേശ ദിനപത്രത്തില്‍ വന്ന വാര്‍ത്തയെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിമര്‍ശിച്ചു. രാജ്യവും ദുബൈയും ആര്‍ജിച്ച നേട്ടങ്ങളെല്ലാം കേവലം ഭാഗ്യം കൊണ്ടു വന്നു തന്നതല്ലെന്നും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെയും ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെയും കഠിന പ്രയത്‌നങ്ങളുടെ ഫലമാണെന്നും ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു. ‘ഞാന്‍ ആ ലേഖനം വായിച്ചു, ലേഖകന്‍ ദുബൈയുടെ നേട്ടങ്ങളെ കുറച്ചു കാണിക്കാനാണ് അത്തരം പ്രയോഗത്തിലൂടെ ശ്രമിച്ചത്. ഭാഗ്യം നേട്ടങ്ങള്‍ കൊണ്ടുവരില്ല, മഹത്തരമായ നേട്ടങ്ങള്‍ നിങ്ങളുടെ വഴിയില്‍ ഭാഗ്യത്തെ എത്തിക്കുകയാണ് ചെയ്യുക. രാഷ്ട്ര ശില്‍പികളായ ശൈഖ് സായിദും ശൈഖ് റാശിദും ഭാഗ്യം വരുന്നതിനായി കാത്തിരിക്കാതെ കഠിന പരിശ്രമത്തിലൂടെ മഹത്തായ നേട്ടങ്ങള്‍ രാജ്യത്തിനായി സൃഷ്ടിക്കുകയായിരുന്നു’ ശൈഖ് മുഹമ്മദ് പറഞ്ഞു.