Connect with us

Gulf

ഷാര്‍ജയില്‍ കുറ്റകൃത്യങ്ങളില്‍ വര്‍ധന

Published

|

Last Updated

ഷാര്‍ജ: കുറ്റകൃത്യങ്ങളില്‍ ഈ വര്‍ഷം വര്‍ധനവുണ്ടായതായി ഷാര്‍ജ പോലീസ് വ്യക്തമാക്കി. കഴിഞ്ഞ എട്ടു മാസത്തെ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ടാണ് കുറ്റകൃത്യങ്ങളില്‍ വര്‍ധനവ് സംഭവിച്ചിരിക്കുന്നതായി പോലീസ് വ്യക്തമാക്കിയത്. മോഷണം, പിടിച്ചുപറി, ഭവനഭേദനം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് വര്‍ധനവ്. 2013ന്റെ ആദ്യ എട്ടു മാസങ്ങളില്‍ 89 പേരെയാണ് സംശയത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വര്‍ഷത്തെ എട്ടു മാസങ്ങള്‍ക്കിടയില്‍ ഇതിലും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൃത്യമായ കണക്ക് പോലീസ് വ്യക്തമാക്കിയിട്ടില്ല.
പോലീസിന്റെ നേതൃത്വത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്ന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ നിരന്തരം ബോധവത്ക്കരിക്കുന്നുണ്ട്. താമസ മേഖലയില്‍ വിവിധ ഭാഷക്കാരും രാജ്യക്കാര്‍ക്കുമിടയിലാണ് ബോധവത്കരണം നടത്തുന്നത്. പിടിയിലായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഇവരില്‍ വിവിധ രാജ്യക്കാരുണ്ട്. വാണിജ്യ കേന്ദ്രങ്ങള്‍, കടകള്‍, വെയര്‍ഹൗസുകള്‍, കാറുകള്‍, വീടുകള്‍, സ്ത്രീകള്‍, ബേങ്ക് മണി എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളില്‍ നിന്നു പണവുമായി പുറത്തുവരുന്നവര്‍ തുടങ്ങിയവരെയാണ് ക്രിമിനലുകള്‍ ലക്ഷ്യമിടുന്നത്. പോലീസ് ചമഞ്ഞ് കാല്‍നട യാത്രക്കാരെ സമീപിച്ച് തട്ടിപ്പ് നടത്തുന്നവരും ഇത്തരം ക്രിമിനലുകള്‍ക്കിടയിലുള്ളതായും പോലീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഈയിടെ ഷാര്‍ജ പോലീസ് ഇത്തരത്തില്‍പ്പെട്ട വലിയൊരു സംഘത്തെ പിടികൂടിയിരുന്നു. ഇവര്‍ വിവിധ മാര്‍ഗങ്ങളാണ് മോഷണത്തിനായി ഉപയോഗിച്ചിരുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍ വ്യാജ താക്കോല്‍ ഉപയോഗിച്ച് തുറക്കുക, സ്ഥാപനങ്ങളുടെ ചില്ലുകളും മറ്റും തകര്‍ത്ത് അകത്ത് കടക്കുക തുടങ്ങിയവയായിരുന്നു മോഷണ തന്ത്രങ്ങളില്‍ പ്രധാനം.
വീടുകളുമായി ബന്ധപ്പെട്ട് നടന്ന മോഷണങ്ങളില്‍ ഭൂരിഭാഗവും നടത്തിയത് ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരോ ഇവരുമായി ബന്ധമുള്ളവരോ ആയിരുന്നു. എമിറേറ്റിനെ സംബന്ധിച്ചിടത്തോളം പോക്കറ്റടിയും സ്ത്രീകളില്‍ നിന്നു ബേഗ് തട്ടിപ്പറിച്ച് ഓടുന്നതും പുതിയ സംഭവങ്ങളായാണ് പോലീസ് കാണുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതു പോലെയുള്ള മോഷണങ്ങളാണ് ഷാര്‍ജയിലും നടക്കുന്നത്. ഇതിന് പിന്നില്‍ ആസൂത്രിതമായ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്താനായിട്ടില്ല. അപൂര്‍വം കേസുകളിലാണ് ധാരാളം പേര്‍ ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്്തു നടപ്പാക്കിയിട്ടുള്ളത്. അത്തരം കേസുകളില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്താറുണ്ട്.
മോഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാണിജ്യസ്ഥാപനങ്ങളും താമസക്കാരുമെല്ലാം അതീവ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ജിഹാദ് സഈദ് സാഹു അഭ്യര്‍ഥിച്ചു.

Latest