ക്ലോക്ക് റൗണ്ട് എബൗട്ട് ഓര്‍മയാവും; പകരം സിഗ്‌നല്‍

Posted on: September 22, 2014 5:45 pm | Last updated: September 22, 2014 at 5:45 pm
SHARE

റാസല്‍ ഖൈമ: നഗര കവാടമായ ക്ലോക്ക് റൗണ്ട് എബൗട്ട് ഓര്‍മയാകുന്നു. ഇവിടെ സിഗ്നല്‍ നിര്‍മിക്കാനുള്ള അധികൃതരുടെ പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ക്ലോക്ക് റൗണ്ട് എബൗട്ട് പൊളിച്ചുമാറ്റുന്നത്.

റാസല്‍ ഖൈമ നഗരത്തിലേക്ക് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള പ്രധാന കവാടങ്ങളിലൊന്നാണ് ക്ലോക്ക് റൗണ്ട് എബൗട്ട്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിലൊന്നുമാണത്. എങ്കിലും, ട്രാഫിക് സംബന്ധമായ ചില അനിവാര്യതകളാണ് ക്ലോക്ക് റൗണ്ട് എബൗട്ട് പൊളിച്ചുമാറ്റാന്‍ അധികൃതരെ നിര്‍ബന്ധിച്ചത്.
വാഹനത്തിരക്ക് കാരണവും മറ്റും പ്രദേശത്തുണ്ടായ തുടര്‍ച്ചയായുള്ള അപകടങ്ങളാണ് റൗണ്ട് എബൗട്ട് മാറ്റി സിഗ്‌നല്‍ സ്ഥാപിക്കാന്‍ അധികൃതരെ ചിന്തിപ്പിച്ചത്. ഇവിടെ വാഹനാപകട മരണങ്ങളും അടുത്ത കാലത്തായി സംഭവിച്ചിരുന്നു. വാഹനാധിക്യം കാരണം ഇതുവഴി വരുന്നവര്‍ ഊഴം കാത്ത് ദീര്‍ഘനേരം നില്‍ക്കേണ്ടിവരുന്നതും സിഗ്നല്‍ സ്ഥാപിക്കാന്‍ ഹേതുവായിട്ടുണ്ട്.
റാസല്‍ ഖൈമ നഗരസഭയുമായി സഹകരിച്ച് പൊതുമരാമത്ത് വിഭാഗമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
റൗണ്ട് എബൗട്ട് നീക്കിയ ശേഷം സിഗ്നല്‍ സംവിധാനമോ അല്ലെങ്കില്‍ മേല്‍പ്പാലമോ ആണ് നിര്‍മിക്കുകയെന്ന് പൊതുമരാമത്ത് വിഭാഗം ഡയറക്ടര്‍ ജനറല്‍ എഞ്ചി. അഹ്മദ് അല്‍ ഹമ്മാദി പറഞ്ഞു. അപകടങ്ങള്‍ കുറച്ച് കൊണ്ടുവരാന്‍ ഇവിടെ ട്രാക്കുകള്‍ കൂട്ടിയിട്ടും ഹമ്പുകള്‍ സ്ഥാപിച്ചിട്ടും ഫലം കാണാത്തതാണ് ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
റൗണ്ട് എബൗട്ടിനു പകരം സിഗ്നല്‍ സംവിധാനം വന്നാല്‍ പ്രദേശത്ത് നലവില്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് കാര്യമായ പരിഹാരമുണ്ടാകുമെന്ന് റാസല്‍ ഖൈമ ട്രാഫിക് ഡയറക്ടര്‍ കേണല്‍ അലി സഈദ് അല്‍ അല്‍കീമും അഭിപ്രായപ്പെട്ടു.