ജി സി സി രാജ്യങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 10 ലക്ഷം തൊഴിലവസരങ്ങള്‍

Posted on: September 22, 2014 5:44 pm | Last updated: September 22, 2014 at 5:44 pm
SHARE

അബുദാബി; ജി സി സിയില്‍ അംഗങ്ങളായ ആറു രാജ്യങ്ങളിലുമായി ഒരു വര്‍ഷത്തിനകം 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ഗള്‍ഫ് തൊഴില്‍ മന്ത്രിമാരുടെ കൗണ്‍സില്‍ സി ഇ ഒ ഉഖൈല്‍ അല്‍ ജാസിം പ്രസ്താവിച്ചു. ഇതില്‍ ഏറിയ പങ്കും വിദേശ തൊഴിലാളികള്‍ക്കാ വും ലഭിക്കുകയെന്നും അല്‍ ജാസിം.

ഈ തൊഴിലവസരങ്ങള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തുന്നതോടെ ജി സി സി രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഒന്നരക്കോടിയിലെത്തും. ബഹ്‌റൈനില്‍ നിന്നിറങ്ങുന്ന അല്‍ അയ്യാം പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലുടനീളം വിദേശ തൊഴിലാളികളെ നിയന്ത്രിച്ചു കൊണ്ടുവരാന്‍ പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. പ്രൊഫഷനല്‍ മേഖലയിലാണ് നിയന്ത്രണങ്ങള്‍ കൂടുതലുണ്ടാവുകയെന്ന് അല്‍ ജാസിം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന് ചില മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ടാണ് നിയന്ത്രണം സാധ്യമാക്കുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മാത്രമായി അടുത്ത നവംബറില്‍ കുവൈത്തില്‍ ഗള്‍ഫ് തൊഴില്‍ മന്ത്രിമാരുടെ കൗണ്‍സില്‍ കൂടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കുകയെന്നത് ഒറ്റയടിക്ക് സാധിക്കുന്ന കാര്യമല്ല. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളു. പ്രൊഫഷനല്‍ മേഖലകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കും, ശേഷം ജി സി സി അംഗ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുമാവും അവസരം ലഭിക്കുക.
വീട്ടു വേലക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൗണ്‍സില്‍ പ്രത്യേകം ആലോചന നടത്തുന്നുണ്ട്. ജി സി സി അംഗ രാജ്യങ്ങളിലേക്ക് വീട്ടുവേലക്കാരെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കും ഏകീകൃത രീതിയില്‍ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഏകീകൃത രീതിയിലുള്ള തൊഴില്‍ കരാറുകളിലൂടെയോ അതത് രാജ്യങ്ങളിലെ ലേബര്‍ ഓഫീസുകളിലൂടെയോ ആയിരിക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കുക-അല്‍ ജാസിം വെളിപ്പെടുത്തി.
വീട്ടുവേലക്കാരായി എത്തുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നുപോലും ഹനിക്കപ്പെടാതിരിക്കാന്‍ പുതിയ നിയന്ത്രണരേഖകളില്‍ പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. അതിനിടെ, വീട്ടുവേലക്ക് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങള്‍ക്കും അവരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഉഖൈല്‍ അല്‍ ജാസിം ഓര്‍മിപ്പിച്ചു.