സമൃദ്ധിയുടെ ഗോപുണ്യം പകര്‍ന്ന് കപിലപശു

Posted on: September 22, 2014 10:12 am | Last updated: September 22, 2014 at 10:12 am
SHARE

cowപട്ടാമ്പി:ഗോപുണ്യം പകര്‍ന്ന് ഞാങ്ങാട്ടിരി മോഴിക്കുന്നത്ത് മനയില്‍ അപൂര്‍വയിനം കപിലപശുവെത്തി. പുരാണങ്ങളില്‍ മാത്രം കേട്ട് പരിചയമുള്ള ലക്ഷണമൊത്ത പശുവിനെ ലഭിച്ച ആഹ്ലാദത്തിലാണ് മോഴിക്കുന്നത്ത് മനയും കുടുംബങ്ങളും.പശുപരിപാലകന്‍ മോഴിക്കുന്നത്ത് മനയ്ക്കല്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ വീട്ടിലാണ് ആയുര്‍വേദ ചികിത്സാ രീതിയില്‍ ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന കപിലപശു എത്തിയത്. കപിലമഹര്‍ഷി തന്റെ യാഗാദി കര്‍മ്മങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചതെന്ന് ഐതിഹ്യമുള്ള കപിലപശുവിന്റെ പാലും ചാണകവും മൂത്രവും ആയുര്‍വാദ ചികിത്സാ വിധികളില്‍ വിശിഷ്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. നാടന്‍പശുക്കളില്‍ പതിനായിരത്തോളം കിടാങ്ങള്‍ ജനിക്കുമ്പോള്‍ ലക്ഷണമൊത്ത പത്തോളം ജനിതകപരമായ സവിശേതകള്‍ നിറഞ്ഞ പശുക്കിടാങ്ങളാണ് കപിലപശുവെന്ന പേരില്‍ അറിയപ്പെടുന്നത്. കര്‍ണാടകയിലും അപൂര്‍വമായി വടക്കേ മലബാറിലും മാത്രമാണ് ഇവയെ കാണപ്പെടുന്നത്. മൂക്ക് മുതല്‍ വാല്‍വരെ ചെമ്പന്‍ നിറവും മഞ്ഞ കലര്‍ന്ന കണ്ണുകളും കുളമ്പുകളും കൊമ്പുകളും മിനുസമായ പുറംതൊലികളുമാണ് ഇതിന്റെ പ്രത്യേകതകള്‍. കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളിലും ബ്രാഹ്മണ ഗൃഹങ്ങളിലും മാത്രമാണ് കപിലപശുവിനെ സംരക്ഷിച്ച് പോരുന്നതത്രെ. മറ്റു മതസ്ഥരുടെ വീടുകളില്‍ ജനിക്കുന്ന കപിലകിടാങ്ങാളെ ക്ഷേത്രത്തിലേക്കോ ബ്രാഹ്മണ ഗൃഹങ്ങളിലോക്കോ ദാനം നല്‍കുകയാണ് പതിവെന്ന് പറയപ്പെടുന്നു. ഇത്തരം ദാനം നല്‍കലും ബ്രാഹ്മണര്‍ ഇവയെ വളര്‍ത്തുന്നതും ഐശ്വര്യമായാണ് കണക്കാക്കപ്പെടുന്നത്. സൂര്യനില്‍ നിന്ന് അള്‍ട്രാവൈലറ്റ് രശ്മികളെ വലിച്ചെടുക്കാന്‍ ചെമ്പന്‍ കളറിനുള്ള പ്രത്യേകത ഇവയുടെ സവിശേഷതയാണെന്ന് ആധുനിക ശാസ്ത്രം അവകാശപ്പെടുന്നു. കര്‍ണ്ണാടകയിലെ ഷിമോഗാ ജില്ലയിലെ തൃത്തഹള്ളി താലൂക്കില്‍ അന്‍ഗ എന്ന സ്ഥലത്ത് നിന്നാണ് ബ്രഹ്മദത്തന്‍ നമ്പൂതിരിക്ക് കപിലപശുവിനെ ലഭിച്ചത്. 40 വര്‍ഷമായി നാടന്‍പശുപരിപാലനത്തിലും പ്രചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ബ്രഹ്മദത്തന്‍ നമ്പൂതിരി കുടുംബസ്വത്തായി ലഭിച്ച 15 ഏക്കര്‍ സ്ഥലത്ത് ജൈവരീതിയില്‍ നെല്‍കൃഷിയും നടത്തുന്നുണ്ട്. ബ്രഹ്മദത്തന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചറിഞ്ഞ അന്‍ഗ സ്വദേശി ശങ്കരനാരായണ ഭട്ടയാണ് ഇയാള്‍ക്ക് കപിലപശുവിനെ ദാനമായി നല്‍കിയത്. നിലവില്‍ വെച്ചൂര്‍ പശുപരിപാലനത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ബ്രഹ്മദത്തനെ തേടിയെത്തിയിട്ടുണ്ട്.