റോഡുകളിലെ കുഴികള്‍ അടച്ചില്ല; യാത്രാ ദുരിതം പേറി വയനാട്ടുകാര്‍

Posted on: September 22, 2014 10:08 am | Last updated: September 22, 2014 at 10:08 am
SHARE

road keralaകല്‍പ്പറ്റ: ജില്ലയിലെ റോഡുകളിലാകെ കുഴികള്‍ മൂലം നടുവൊടിക്കും യാത്രയായി മാറുന്നു. മാനന്തവാടി ടൗണ്‍, ചെറ്റപ്പാലം, തലപ്പുഴ, കല്ലോടി, നാലാംമൈല്‍, നിരവില്‍പുഴ, മാനന്തവാടിചെറുപുഴ, വാളാട് ,മേപ്പാടി-കല്‍പ്പറ്റ , ദേശീയപാത 212 തുടങ്ങിയ പൊതുമരാമത്ത് റോഡുകളും ഗ്രാമീണ റോഡുകളുമെല്ലാം ഒരുപോലെ തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
കാലവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളിലെ കുഴികള്‍ ഈ മാസം അഞ്ചുമുതല്‍ അടക്കുമെന്ന പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ വാക്കും പാലിക്കപ്പെട്ടില്ല.
മഴ പെയ്യുന്നതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്ത് ചെളിതെറിക്കുന്നത് പതിവാണ്. 30 കി.മീ. ദൂരമാണ് മാനന്തവാടിയില്‍ തകര്‍ന്നത്.
ടാര്‍ ലഭിക്കാത്തതാണ് കുഴിയടക്കല്‍ നടക്കാതിരിക്കാന്‍ കാരണം. ഒരു കോടി രൂപ വരെ ബില്‍ വരുന്ന ടാറുകള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ നേരിട്ടിറക്കി കരാറുകാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഭാരത് പെട്രോളിയം കെമിക്കല്‍ ലിമിറ്റഡാണ് ടാര്‍ നല്‍കുന്നത്. കുടിശ്ശികയെ തുടര്‍ന്ന് ഇവര്‍ ടാര്‍ നല്‍കാന്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വലിയ കുഴികളില്‍ താല്‍കാലികാശ്വാസത്തിന് മെറ്റല്‍ ഇട്ട് നിറക്കുന്നുണ്ടെങ്കിലും ഇത് കൂടുതല്‍ ദുരിതമാണ് സമ്മാനിക്കുന്നത്.
ചെറിയ കല്ലുകള്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തെറിച്ച് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. മാനന്തവാടി നഗരത്തില്‍ ഒരു ഹോട്ടലിന്റെ ചില്ല് ഈ രീതിയില്‍ തകര്‍ന്നു.
കുടിശ്ശികമൂലം പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. റോഡുകളുടെ ശോച്യാവസ്ഥമൂലം ഓട്ടം വിളിച്ചാല്‍ ഓട്ടോറിക്ഷ പോലും പോകാന്‍ മടിക്കുന്ന സാഹചര്യമാണ്. മാനന്തവാടി: മന്ത്രിമാരും ഉദ്യോഗസ്ഥരും നിരവധി തവണ തരുവണകക്കടവ് റോഡിലൂടെ യാത്ര ചെയ്തിട്ടുണ്ട്.
മന്ത്രി പി.കെ. ജയലക്ഷ്മിയുടെ മണ്ഡലത്തിലെ പ്രധാനറോഡാണിത്. വെള്ളമുണ്ട പഞ്ചായത്തിലെ റോഡ് തകര്‍ന്ന് വലിയ കുഴികളായി രൂപപ്പെട്ടിട്ട് കാലമേറെയായെങ്കിലും നന്നാക്കാന്‍ നടപടികളില്ല.
കാല്‍നട യാത്രപോലും അസഹ്യമായി മാറി. ഇതുവഴി സര്‍വീസ് നടത്തുന്ന ഏക കെ എസ് ആര്‍ ടി സി ബസ് ഏതു നിമിഷവും നിലക്കാവുന്ന സ്ഥിതിയാണ്.
ടാറിങ് തകര്‍ന്ന് വലിയ കുഴികളായതിനാല്‍ ഓട്ടോറിക്ഷ പോലും ഓടാന്‍ മടിക്കുന്നു. മൂന്നര കി.മീ. ദൂരമുള്ള റോഡ് ഒരുകാലത്തും പൂര്‍ണമായി റീടാറിങ് നടത്തിക്കിട്ടാറില്ല. അതുകൊണ്ടുതന്നെ കുറച്ചുഭാഗം ടാറിങ് നടത്തിയാലും ബാക്കിഭാഗം തകര്‍ന്ന് കിടക്കും.
കുഴികളില്‍ ക്വാറി അവശിഷ്ടങ്ങളിട്ട് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. റോഡിന്റെ അവസ്ഥ മന്ത്രി ജയലക്ഷ്മിയുടെ ശ്രദ്ധയില്‍പെടുത്തിയതിന്റെ ഫലമായി ഫണ്ടനുവദിക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ തുടര്‍ നടപടികളുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.