Connect with us

Malappuram

മലയോരത്തെ വിദ്യാര്‍ഥികളില്‍ കഞ്ചാവ് ഉപയോഗം കൂടി വരുന്നു

Published

|

Last Updated

കാളികാവ്: പ്രദേശത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പനയും ഉപയോഗവും കൂടി വരുന്നു. നാടിനെ മുഴുവന്‍ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ഉദരംപൊയിലില്‍ സംഭവിച്ച കഞ്ചാവ് വില്‍പനക്കാരനെ പിടികൂടിയ സംഭവം.
പത്താംക്ലാസും അതിന് തൊട്ട് മുകളിലും പഠിക്കുന്നവരായ അഞ്ചോളം വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ കാരണം നാട് നടുങ്ങിയിരിക്കുകയാണ്. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചിലരാണ് ഏതാനും ദിവസത്തെ നിരീക്ഷണത്തിന് ശേഷം കഞ്ചാവ് ഉപയോഗം കയ്യോടെ പിടികൂടിയത്.
പിടികൂടിയവരെ വീട്ടുകാരും ബന്ധുക്കളും ചോദ്യം ചെയ്തതോടെയാണ് സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്. ഫോണ്‍വിളിച്ച് തന്ത്രപൂര്‍വം കഞ്ചാവ് എത്തിക്കുന്നയാളെ ഉദരംപൊയിലില്‍ എത്തിച്ചെങ്കിലും രണ്ട് ബീഡിക്കുള്ള കഞ്ചാവ് മാത്രമാണ് പിടികൂടാനായത്. ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പിച്ചെങ്കിലും കേസെടുക്കാനുള്ളത്ര അളവ് കയ്യില്‍ ഇല്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. സ്‌കൂള്‍ പടിക്കല്‍ കറങ്ങി നടക്കുന്ന ഇത്തരക്കാരെക്കുറിച്ച് നാട്ടുകാര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു.
ചോക്കാട്, പൂക്കോട്ടുംപാടം, കാളികാവ് പ്രദേശത്ത് കഞ്ചാവ് വില്‍പന നടത്തുന്നവരും ഉപയോഗിക്കുന്നവരും വര്‍ധിച്ച് വരുന്നതായി നേരത്തെതന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഉദരംപൊയില്‍ പ്രദേശത്ത് ഇത്തരം ഒരു സംഭവം ഇതാദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയും നിരവധി കുട്ടികള്‍ കഞ്ചാവിന് അടിമപെട്ട് തുടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നാണ് ആവശ്യം.
ഓരോ പ്രദേശത്തും കഞ്ചാവ് വില്‍പന നടത്തുന്ന മാഫിയകളെക്കുറിച്ച് അതാത് പ്രദേശത്തുള്ളവര്‍ക്ക് നന്നായി അറിയാമെങ്കിലും നിയമങ്ങളിലെ പാളിച്ചകളാണ് ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ നാട്ടുകാര്‍ തയ്യാറാകാത്തത്. ചില രാഷ്ട്രീയക്കാര്‍ ഇത്തരക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അടുത്തടുത്ത പ്രദേശങ്ങളിലേക്ക് ഈ വിപത്ത് അതിവേഗം പടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഉദരംപൊയില്‍ സംഭവം ഇതാണ് സൂജിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വണ്ടൂരിലെ ഒരു വിദ്യാലയത്തില്‍ പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, മഹല്ല് കമ്മറ്റികള്‍, ക്ഷേത്രകമ്മറ്റികള്‍, ക്രസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍, പി ടി എ കമ്മറ്റികള്‍, നാട്ടിലെ സാംസ്‌കാരിക ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങി എല്ലാവരും ഒത്തൊരുമിച്ച് ഈ വിപത്തിനെതിരെ പ്രതികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

---- facebook comment plugin here -----

Latest